കൊല്ലം @ 75 : അവബോധവുമായി വിവിധ സർക്കാർ വകുപ്പുകൾ

post

സർക്കാർ സേവനങ്ങളെ കുറിച്ചുള്ള അവബോധവുമായി കൊല്ലം @ 75 മേളയിൽ വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ.പൊതു ജനങ്ങൾക്ക് ഓരോ വകുപ്പുകളുടെയും പ്രവർത്തനങ്ങളെയും അവയുടെ പ്രയോജനങ്ങൾ , സാധ്യതകൾ എന്നിവയെ കുറിച്ചുള്ള വ്യക്തമായ ധാരണയും മനസ്സിലാക്കുവാനാണ് ഇത്തരം സ്റ്റാളുകളിലൂടെ ലക്ഷ്യമിടുന്നത്.

എന്റെ ഭൂമിയെ കുറിച്ചറിയാം; ഡിജിറ്റല്‍ സര്‍വേയും അറിയാം

ഭൂസംബന്ധമായ എല്ലാ വിവരങ്ങള്‍ക്കും സംശയ നിവാരണങ്ങള്‍ക്കും കൊല്ലം @ 75 മേളയില്‍ എത്തിയാല്‍ പരിഹാരമാവും. ഡിജിറ്റല്‍ സര്‍വേ  പ്രവര്‍ത്തനം, പ്രയോജനങ്ങള്‍ എന്നിവയെ കുറിച്ച് മനസ്സിലാക്കി നല്‍കുകയാണ് പ്രധാന ലക്ഷ്യം. ഡിജിറ്റല്‍ സര്‍വേയില്‍ ഉപയോഗിക്കുന്ന ആര്‍.ഇ.റ്റി.എസ്സ്, ആര്‍.റ്റി.കെ തുടങ്ങിയ ഉപകരണങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്നു. എന്റെ ഭൂമി പോര്‍ട്ടല്‍ എങ്ങനെ ഉപയോഗിക്കണമെന്ന് വീഡിയോ രൂപത്തിലും സന്ദര്‍ശകര്‍ക്കായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

പരമ്പരാഗതയില്‍ നിന്നും ഡിജിറ്റല്‍ ലാന്‍ഡ് സര്‍വ്വേയിലേക്ക് വരുമ്പോള്‍ ഉള്ള പ്രയോജനങ്ങളെ പറ്റി, ഡിജിറ്റല്‍ സര്‍വേയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളില്‍ നിന്നുള്ള പിന്തുണ, നൂതന സര്‍വ്വേ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള ഏറ്റവും കൃത്യതയോടെയുള്ള ഡിജിറ്റല്‍ സര്‍വേ, എന്റെ ഭൂമി പോർട്ടലിൽ രജിസ്റ്റര്‍ ചെയ്യുന്നതിന് വേണ്ടിയുള്ള ക്യൂആര്‍ കോഡ്, ഭൂമി അളക്കുന്നതിനായി സര്‍വ്വേ ഉദ്യോഗസ്ഥര്‍ നമ്മുടെ വില്ലേജിലേക്ക് വരുമ്പോഴുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയ വിഷയത്തെപ്പറ്റിയുള്ള നിര്‍ദ്ദേശങ്ങളും വിശദവിവരങ്ങളും സ്റ്റാളിൽ നല്‍കുന്നു.

ദുരന്തനിവാരണ അവബോധവുമായി ലാന്‍ഡ് റവന്യൂ വകുപ്പ്

ജനങ്ങളില്‍ അവബോധം വളര്‍ത്താനും സേവനങ്ങള്‍ വിശദീകരിക്കാനും വൈവിധ്യമാര്‍ന്ന ശ്രമങ്ങളുമായി ലാന്‍ഡ് റവന്യൂ വകുപ്പ് സ്റ്റാള്‍. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ദൃശ്യ വിവരണങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ലാന്‍ഡ് റവന്യൂ വകുപ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും പട്ടയമേളയുമായി ബന്ധപ്പെട്ട വിവരങ്ങളും പോസ്റ്റര്‍ രൂപത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സംശയനിവാരണത്തിനും അവസരമുണ്ട്. വകുപ്പിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍ അറിയാന്‍ ക്യു ആര്‍ കോഡ് സംവിധാനവുമുണ്ട്.


ദുരന്ത നിവാരണ പരിശീലനങ്ങള്‍, സ്മാര്‍ട്ട് വില്ലേജുകള്‍, പട്ടയമേളകള്‍, ക്ഷേമ പദ്ധതികള്‍, തരംമാറ്റ അദാലത്തുകള്‍, പരാതി പരിഹാര അദാലത്തുകള്‍, റവന്യൂ ഇ-സര്‍വീസുകള്‍, ഓണ്‍ലൈന്‍ പോക്ക് വരവുകള്‍, ഇ-ഡിസ്ട്രിക്ട്, ഇ-പേയ്മെന്റ്, തുടങ്ങിയ പ്രധാന സേവനങ്ങള്‍ വിശദീകരിക്കുന്നു. ദുരന്ത ജാഗ്രത നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ബ്രോഷറുകളും സന്ദര്‍ശകര്‍ക്ക് കൈമാറുന്നുണ്ട്.

ഇവിടെയെല്ലാം ഓപ്പണ്‍; പഠനം മുടങ്ങിയവര്‍ക്ക് വിദൂര വിദ്യാഭ്യാസമൊരുക്കി എസ്.എന്‍ യൂണിവേഴ്സിറ്റി

കൊല്ലം @ 75 മേളയില്‍ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ സ്റ്റാളിലെത്തുന്നവര്‍ക്ക്  വിദൂര വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകള്‍ അറിയാം. ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ കൂടാതെ ആറുമാസം സര്‍ട്ടിഫിക്കറ്റ് കോഴ്സുകളായ സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ്,  അപ്ലൈഡ് മെഷീന്‍ ലേണിംഗ്, ഐ.ഇ.എല്‍.ടി.എസ്,  ഒ.ഇ.ടി തുടങ്ങിയവയുടെ ഫൗണ്ടേഷന്‍ കോഴ്സുകളും ലഭ്യമാക്കുന്നുണ്ട്. പതിനൊന്നോളം ഡിഗ്രി പ്രോഗ്രാമും 12ഓളം പി.ജി പ്രോഗ്രാമും ആറ് വിഷയങ്ങളില്‍ നാല് വര്‍ഷ യു.ജി പ്രോഗ്രാമും യൂണിവേഴ്സിറ്റി നടത്തിവരുന്നുണ്ട്. റെഗുലര്‍ ഡിഗ്രി പഠിക്കുന്നവര്‍ക്ക്  ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന് ഇരട്ട ബിരുദത്തിനുള്ള അവസരവും ഉണ്ട്. പ്രദര്‍ശന നഗരിയില്‍ എത്തുന്ന ഏത് പ്രായത്തിലുള്ളവര്‍ക്കും വരുന്ന ജൂണില്‍ തുടര്‍പഠനത്തിനുള്ള വാതിലുകള്‍ തുറന്നിട്ടുകൊണ്ട് പ്രവേശനത്തിനുള്ള സംശയദുരീകരണവുമായാണ് യൂണിവേഴ്സിറ്റിയുടെ സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്.