ലഹരിവിപത്തിനെതിരെ ഐ.എച്ച്.ആർ.ഡിയുടെ ‘സ്‌നേഹത്തോൺ’ സംഘടിപ്പിക്കും

post

യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന അക്രമവാസനക്കെതിരെ സ്‌നേഹസന്ദേശം പ്രചരിപ്പിക്കുന്നതിനായി ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഐ.എച്ച്.ആർ.ഡിയുടെ നേതൃത്വത്തിൽ ‘സ്‌നേഹത്തോൺ’ സംഘടിപ്പിക്കും. മാർച്ച് 7 ന് വിവിധ നഗരകേന്ദ്രങ്ങളിൽ ഇതിന്റെ ഭാഗമായി പരിപാടികൾ നടത്തും.

സംസ്ഥാനത്തെ 88 ഐഎച്ച്ആർഡി സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ വിവിധ നഗരകേന്ദ്രങ്ങളിൽ ലഹരിവ്യാപനത്തിനെതിരെ ‘ റൺ എവേ ഫ്രം ഡ്രഗ്സ് ’ എന്ന പേരിൽ കൂട്ടയോട്ടം നടക്കും. കൂട്ടയോട്ടത്തിന്റെ സംസ്ഥാനതല ഫ്ലാഗ്ഓഫ് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു കൊല്ലത്ത് നിർവ്വഹിക്കും. രാവിലെ 7.30ന് ആരംഭിക്കുന്ന കൂട്ടയോട്ടത്തിൽ സമൂഹത്തിലെ നാനാതുറകളിൽപ്പെട്ട പ്രമുഖരടക്കം പങ്കാളികളാകുമെന്ന് മന്ത്രി അറിയിച്ചു. ഐഎച്ച്ആർഡി സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ  സ്‌നേഹമതിൽ തീർക്കും. തുടർന്ന് നൂറു കേന്ദ്രങ്ങളിൽ ഒരുക്കുന്ന സ്‌നേഹസംഗമത്തിൽ ഉന്നത സാംസ്‌കാരിക-സാമൂഹിക വ്യക്തിത്വങ്ങൾ വിദ്യാർത്ഥികളുമായി സംവദിയ്ക്കും.കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഐ എച്ച് ആർ ഡി വിദ്യാർത്ഥികളും ജീവനക്കാരും സമൂഹത്തിന്റെ സമസ്ത മേഖലകളിലെയും ഉന്നതവ്യക്തിത്വങ്ങൾക്കൊപ്പം ‘ റൺ എവേ ഫ്രം ഡ്രഗ്സ് ’ കൂട്ടയോട്ടത്തിൽ പങ്കാളികളാവും. തുടർന്ന് ലഹരി എന്ന മഹാവിപത്തിനെതിരെയുള്ള തുടർ പ്രചാരണപരിപാടികൾക്കും ഐ എച്ച് ആർ ഡി നേതൃത്വം നൽകും.

ഉന്നതവിദ്യാഭ്യാസ രംഗത്ത് നൂതനങ്ങളായ പരിപാടികളായ  നിർമ്മിതബുദ്ധി അന്താരാഷ്ട്ര കോൺക്ലേവ്, ക്യാമ്പസ് ഇൻഡസ്റ്റ്രിയൽ പാർക്ക്, സ്‌കിൽ എൻഹാൻസ്‌മെന്റ് സെന്ററുകൾ എന്നിവ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന ഐഎച്ച്ആർഡി സ്ഥാപനങ്ങളിൽ ലഹരിക്കും അക്രമവാസനയ്ക്കുമെതിരെ പുതിയ അവബോധ സൃഷ്ടിക്കലാണ് ഇതുവഴി ലക്ഷ്യം വെയ്ക്കുന്നത്. സ്‌നേഹം, സൗഹാർദ്ദം, സന്തോഷം എന്നിവയിലേക്കു നയിക്കുന്ന ജീവിതമൂല്യങ്ങൾ ക്യാമ്പസുകളിലും സമൂഹത്തിലും പ്രചരിപ്പിക്കുന്നതാവും സംസ്ഥാനത്തെ നൂറു കേന്ദ്രങ്ങളിൽ ഐഎച്ച്ആർഡി ഒരുക്കുന്ന സ്‌നേഹസംഗമങ്ങൾ.