കയ്യടി നേടി എന്‍.എസ്.എസ് യൂണിറ്റിന്റെ പ്ലാസ്റ്റിക് മുക്ത യജ്ഞം

തൃശൂര്‍: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ സമൂഹ സേവന യജ്ഞവുമായി വിദ്യാര്‍ഥികള്‍ ശ്രദ്ധേയമായി. ഹരിത പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് മുക്ത കലോത്സവം എന്ന ക്യാമ്പയിനുമായി മുന്നോട്ട് വന്നിരിക്കുന്നത് കലോത്സവം അരങ്ങേറുന്ന സ്‌കൂളുകളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരാണ്. ചാവക്കാട് ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍, ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്‌കൂള്‍ എന്നിവിടങ്ങളിലാണ് എന്‍.എസ്.എസ് വിദ്യാര്‍ഥികളുടെ സേവനം. ലിറ്റില്‍ ഫഌര്‍ കോണ്‍വെന്റില്‍ ഗൈഡ്‌സ് വിദ്യാര്‍ഥിനികളും ഹരിത പെരുമാറ്റച്ചട്ടത്തിനായി മുന്നിട്ടിറങ്ങിയിട്ടുണ്ട്.
ചൂടില്‍ വലഞ്ഞവര്‍ക്ക് ദാഹശമനത്തിനായി സഞ്ചരിക്കുന്ന മോര് വെള്ളം എന്‍.എസ്.എസ് കോ ഓര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്. ഫുഡ് സ്റ്റാള്‍, പേപ്പര്‍ പേനകള്‍, തുണിപേപ്പര്‍ സഞ്ചികള്‍ എന്നിവ കുറഞ്ഞ നിരക്കില്‍ വില്‍പനയും നടത്തുന്നു. ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പി നല്‍കുന്നവര്‍ക്ക് പേപ്പര്‍ ബാഗ് സമ്മാനമായി നല്‍കിയും സാധനങ്ങള്‍ വാങ്ങുന്നവരുടെ പേരെഴുതി സൂക്ഷിച്ചു നറുക്കെടുപ്പിലൂടെ സമ്മാനം നല്‍കിയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയാണ് ഈ വിദ്യാര്‍ത്ഥികള്‍. ചുറ്റുപാടുകള്‍ പ്ലാസ്റ്റിക് മുക്തമാക്കാന്‍ സമൂഹത്തെ കൂടി ഭാഗഭാക്കാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനമെന്ന് ചാവക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ടി. ആര്‍. പ്രദീപ് പറയുന്നു.