ജില്ലാ നൈപുണ്യ സമിതി അവലോകന യോഗം ചേർന്നു

ജില്ലാ നൈപുണ്യ സമിതി അവലോകന യോഗം കളക്ടർ എൻ. ദേവിദാസിന്റെ അധ്യക്ഷതയിൽ ചേർന്നു. ജില്ലയിലെ വ്യവസായ മേഖലയിലെ ഒഴിവുകൾ നികത്താൻ വൈദഗ്ധ്യം നേടിയവരെ കണ്ടെത്താൻ ശ്രമങ്ങൾ വ്യാപിപ്പിക്കണമെന്ന് കളക്ടർ അറിയിച്ചു. സങ്കൽപ്പ് പദ്ധതിയുടെ ഭാഗമായി ഈ സാമ്പത്തിക വർഷം ജില്ലയിൽ നടപ്പാക്കുന്ന നാല് പരിശീലന പദ്ധതികളുടെ പ്രവർത്തന റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു. അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തുന്ന നൈപുണ്യ പരിശീലന പരിപാടികളും നൂതന നൈപുണ്യ പദ്ധതികളും ചർച്ച ചെയ്തു.
വൈക്കോൽ ചിത്രനിർമാണ പരിശീലനം പൂർത്തിയാക്കിയ 20 വനിതകൾക്കുള്ള സർട്ടിഫിക്കറ്റുകളും തഴപ്പായ നിർമാണ പരിശീലനം പൂർത്തിയാക്കിയ 17 വനിതകൾക്കുള്ള ആർട്ടിസാൻ കാർഡ് വിതരണവും കളക്ടർ നിർവഹിച്ചു. കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്ലാനിങ് ഓഫീസർ പി.ജെ ആമിന, ജില്ലാ നൈപുണ്യ സമിതി അംഗങ്ങൾ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.