ഒന്നാണ് നാം': കണ്ണൂരില്‍ 'റണ്‍ ഫോര്‍ യൂണിറ്റി' കൂട്ടയോട്ടം

സാമൂഹിക ഐക്യം, സ്ത്രീ സുരക്ഷ, ആരോഗ്യമുള്ള സമൂഹം എന്നീ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ ജില്ലാ ഭരണകൂടം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്ന് മാര്‍ച്ച് ഒന്ന് ശനിയാഴ്ച അർധരാത്രി കണ്ണൂർ നഗരത്തിലൂടെ 'റണ്‍ ഫോര്‍ യൂണിറ്റി' കൂട്ടയോട്ടം സംഘടിപ്പിക്കുന്നു.
കണ്ണൂര്‍ കളക്ടറേറ്റില്‍ നിന്ന് മാർച്ച് ഒന്നിന് (ശനിയാഴ്ച) രാത്രി 11 മണിക്ക് ആരംഭിച്ച് ഏഴ് കിലോമീറ്റര്‍ ദൂരം താണ്ടിയശേഷം മാര്‍ച്ച് രണ്ടിന് പുലര്‍ച്ചെ 12.30ന് സമാപിക്കും. താവക്കര, പുതിയ ബസ് സ്റ്റാന്‍ഡ് റോഡ്, ഫോര്‍ട്ട് റോഡ്, പ്രഭാത് ജംഗ്ഷന്‍, സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ റോഡ്, പയ്യാമ്പലം ഗസ്റ്റ് ഹൗസ് പാത്ത് വേ, ശ്രീനാരായണ പാര്‍ക്ക്, മുനീശ്വരന്‍ കോവില്‍, പഴയ ബസ് സ്റ്റാന്‍ഡ്, ടൗണ്‍ സ്‌ക്വയര്‍, താലൂക്ക് ഓഫീസ് വഴി തിരികെ കളക്ടറേറ്റിലാണ് ഓട്ടം പൂര്‍ത്തിയാക്കേണ്ടത്.അഞ്ച് പേരടങ്ങുന്ന ടീമുകളായാണ് പങ്കെടുക്കേണ്ടത്. രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും ടീഷര്‍ട്ടും മത്സരം പൂർത്തിയാക്കുന്ന എല്ലാവർക്കും സര്‍ട്ടിഫിക്കറ്റും ചിരട്ട കൊണ്ട് തയ്യാറാക്കിയ മെഡലും ലഭിക്കും. ഒരു ടീമിന് 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ് എന്നാല്‍ സ്‌കൂള്‍/കോളേജ് വിദ്യാര്‍ത്ഥികളുടെ ടീമുകള്‍ക്ക് ഇത് 250 രൂപയാണ്. ഒന്നാം സ്ഥാനത്തിന് 7,500 രൂപ, രണ്ടാം സ്ഥാനത്തിന് 5,000 രൂപ, മൂന്നാം സ്ഥാനത്തിന് 2,500 രൂപയും സമ്മാനമായി ലഭിക്കും.ഏഴ് വിഭാഗങ്ങളിലായാണ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്: സ്ത്രീകള്‍ മാത്രം ഉള്‍പ്പെട്ട ടീമുകള്‍, പുരുഷന്മാര്‍ മാത്രം ഉള്‍പ്പെട്ട ടീമുകള്‍, സ്ത്രീ-പുരുഷന്‍ മിശ്ര ടീമുകള്‍, യൂണിഫോം സര്‍വീസ് (മിലിട്ടറി, പോലീസ്, ഫയര്‍ഫോഴ്സ്, എക്‌സൈസ്, ഫോറസ്റ്റ്) ടീമുകള്‍, സ്‌കൂള്‍/കോളേജ് വിദ്യാര്‍ത്ഥികളുടെ ടീമുകള്‍, മുതിര്‍ന്ന പൗരന്‍മാരുടെ ടീമുകള്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ടീമുകള്‍ എന്നിങ്ങനെ വ്യത്യസ്ത ഗ്രൂപ്പുകളായാണ് മത്സരം നടത്തുക.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് events.dtpckannur.com , https://events.dtpckannur.com എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം. ഡി ടി പി സി ഓഫീസില്‍ നേരിട്ടും രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497-2706336 അല്ലെങ്കില്‍ 8330858604 എന്ന നമ്പറില്‍ ബന്ധപ്പെടാം.