ജില്ലാ പി.എസ്.സി ഓഫീസിന് പുതിയ കെട്ടിടം ; ശിലാസ്ഥാപന കർമ്മം നടന്നു

ജില്ലാ പി എസ് സി ഓഫീസിന്റെയും , ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിന്റെയും ശിലാസ്ഥാപന കർമ്മം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. കട്ടപ്പന നഗരസഭ പരിധിയിൽ അമ്പലക്കവലയിലെ 20 സെന്റ് സ്ഥലത്താണ് ഇടുക്കി ജില്ലാ പി എസ് സി ഓഫീസിന് പുതിയ മന്ദിരം നിർമിക്കുന്നത്. താഴത്തെ നില കൂടാതെ മൂന്ന് നിലകളുള്ള കെട്ടിട സമുച്ചയം 13842.5 ചതുരശ്ര അടിയിലാണ് നിർമ്മിക്കുക. ഓരോ നിലയും 3336 ചതുരശ്ര അടിയിലാവും. ജില്ലാ ഓഫീസിനോടൊപ്പം ഓൺലൈൻ പരീക്ഷാകേന്ദ്രവും പുതിയ കെട്ടിടത്തിലുണ്ടാവും. ഇരുന്നൂറിലധികം ഉദ്യോഗാർത്ഥികൾക്ക് ഒരേ സമയം ഓൺലൈൻ പരീക്ഷ എഴുതാനുള്ള സൗകര്യമാണ് ഒരുക്കുക. കെട്ടിട നിർമ്മാണത്തിനായി 7.50 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഫ്രണ്ട് ഓഫീസ്, സെക്യൂരിറ്റി റൂം, വെയിറ്റിംഗ് ഏരിയ, ജനറേറ്റർ റും, ഇലക്ട്രിക്കൽ റൂം, സിസിടിവി റൂം, ഒ.എം.ആർ ഷീറ്റ് ഡംപിംഗ് ഏരിയ, ശുചിമുറികൾ, ഗസ്റ്റ് റൂം, ഇൻ്റർവ്യു ഹാൾ, ഓഫീസ് റൂം, സീക്രട്ട് സെക്ഷൻ, പരീക്ഷാ സെക്ഷൻ, ഓൺലൈൻ പരിക്ഷാ ഹാൾ, പാർക്കിംഗ് ഏരിയ എന്നിവയുൾപ്പെടെയാണ് ജില്ലാ പി എസ് സി ഓഫീസിന്റെ രൂപകൽപന.
ദേശീയതലത്തിൽ തന്നെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കേരള പി എസ് സിയുടെ പ്രവർത്തനമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതിക്ക് അനുസൃതമായി സുതാര്യമായി മികച്ച രീതിയിലാണ് സംസ്ഥാന പി എസ് സി പ്രവർത്തിക്കുന്നത്. ആയിരത്തിഅഞ്ഞൂറിലധികം സർക്കാർ തസ്തികളിലേക്ക് നേരിട്ടാണ് പി എസ് സി നിയമനം നടത്തുന്നത്. ഒരു കോടിയിലധികം അപേക്ഷകളാണ് ഒരു വർഷം വരുന്നത്. ഒരു വർഷം ശരാശരി 35,000 നിയമനങ്ങൾ പി എസ് സി മുഖേന നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്വന്തമായി കെട്ടിടമാകുന്നതോടെ ജില്ലാ പി എസ് സികളുടെ പ്രവർത്തനത്തിൽ കൂടുതൽ കാര്യക്ഷമത കൈവരിക്കാനാകും. കട്ടപ്പനയിൽ സ്ഥലം ലഭ്യമാക്കാൻ കഴിഞ്ഞാൽ ഗവ. ലോ കോളേജ് കട്ടപ്പനയിൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
കട്ടപ്പന നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ പി.എസ്.സി ചെയർമാൻ ഡോ.എം.ആർ ബൈജു അധ്യക്ഷത വഹിച്ചു. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി, പൊതുമരാമത്ത് ചീഫ് എഞ്ചിനീയർ എൽ ബീന , പി.എസ്.സി സെക്രട്ടറി സാജു ജോർജ് , പി.എസ്.സി ജില്ലാ ഓഫീസർ ഷാജി കച്ചുമ്പ്രോൻ , നഗരസഭാ കൗൺസിലർമാരായ ജാൻസി ബേബി, സോണിയ ജെയ്ബി, പി.എസ്.സി അംഗങ്ങളായ വിജയകുമാരൻ നായർ, മിനി സക്കറിയാസ് എന്നിവർ പങ്കെടുത്തു.