കന്നുകാലി ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

post

ഇടുക്കി ജില്ലയിൽ മൃഗസംരക്ഷവകുപ്പ് നടപ്പാക്കുന്ന ഗോസമൃദ്ധി - എൻഎൽഎം സമഗ്ര കന്നുകാലി ഇൻഷുറൻസ് പദ്ധതിയിലേക്ക് കർഷകർക്ക് അപേക്ഷിക്കാം. ഉടമകൾക്കുള്ള അപകടമരണ ഇൻഷുറൻസ് പരിരക്ഷയും പദ്ധതിയുടെ ഭാഗമാണ്. വ്യക്തിഗത അപകട പരിരക്ഷ പരമാവധി 5 ലക്ഷം രൂപയാണ്. താൽപര്യമുള്ളവർ അതതു തദ്ദേശസ്ഥാപനത്തിലെ വെറ്ററിനറി ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.മിനി.ആർ അറിയിച്ചു.

പ്രതിദിനം കുറഞ്ഞത് ഏഴ് ലിറ്റർ പാൽ ഉൽപാദന ശേഷിയുള്ള 2 മുതൽ 10 വയസ്സു വരെ പ്രായമുള്ള പശുക്കളെയും എരുമകളെയും ഗർഭാവസ്‌ഥയുടെ അവസാന ത്രൈമാസത്തിലുള്ള ഗർഭിണികളായ പശുക്കളെയും 7 മാസ ത്തിൽ കൂടുതൽ ഗർഭാവസ്‌ഥയിലുള്ള കറവ വറ്റിയ ഉരുക്കളെയും പദ്ധതിയിൽ ഉൾപ്പെടുത്താം. ഒരു കർഷകന്റെ ഒരു ഉരുവിന് മാത്രമേ ഇൻഷുറൻസ് ലഭിക്കൂ. 65,000 രൂപ വരെ മതിപ്പ് വിലയുള്ള ഉരുവിന് ഒരു വർഷ പദ്ധതിയിൽ ജനറൽ വിഭാഗത്തിന് 1356 രൂപയും എസ്‌സി/എസ്ടി വിഭാഗത്തിന് 774 രൂപയുമാണ് കർഷക വിഹിതം. മൂന്നു വർഷ പദ്ധതിയിൽ ജനറൽ വിഭാഗത്തിന് 3319 രൂപയും എസ്‌സി/എസ്‌ടി വിഭാഗത്തിന് 1892 രൂപയുമാണ് കർഷക വിഹിതം.