കല്യാശേരിയിൽ കുറുന്തോട്ടി കൃഷിയിൽ രണ്ടാം ഘട്ടത്തിലും 100 ഏക്കറിൽ നൂറുമേനി

കല്യാശ്ശേരി മണ്ഡലത്തിൽ ഔഷധഗ്രാമം രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി ചെയ്ത കുറുന്തോട്ടി വൻ വിജയത്തിലേക്ക്. മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളിലായി തുടക്കത്തിൽ 25 ഏക്കറിയിൽ 2023 മെയ് മാസത്തിൽ ആരംഭിച്ച കല്യാശ്ശേരി മണ്ഡലം ഔഷധ ഗ്രാമം പദ്ധതി രണ്ടാംഘട്ടത്തിൽ എത്തുമ്പോൾ 100 ഏക്കറിലും നൂറ് മേനി വിളവ് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് കർഷകർ.
ആദ്യഘട്ടത്തിൽ കടന്നപ്പള്ളി - പാണപ്പുഴ, ഏഴോം , കണ്ണപുരം എന്നീ മൂന്ന് പഞ്ചായത്തുകളിൽ 25 ഏക്കറിൽ കുറുന്തോട്ടി കൃഷി വൻ വിജയമായിരുന്നു. രണ്ടര ഏക്കറിൽ പ്രത്യേകം തയ്യറാക്കിയ സ്ഥലത്ത് വിത്തിട്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. 2023 ൽ ഡിസംബറിൽ ആദ്യ ഘട്ട വിളവെടുപ്പും നടത്തി. രണ്ടാംഘട്ട പദ്ധതി 2024 ജൂലായ് 24 ന് മാടായിപ്പാറ തവരതടത്താണ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി മണ്ഡലത്തിൽ 100 ഏക്കറിൽ ഔഷധക്കൃഷി വ്യാപിപ്പിക്കുന്ന പ്രവർത്തനം ആരംഭിച്ചു.
കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തിൽ 20 ഏക്കറിലും, ഏഴോം ചെറുതാഴം എന്നിവിടങ്ങളിൽ 15 ഏക്കറിലും, പട്ടുവം, കല്യാശേരി, കണ്ണപുരം,കുഞ്ഞിമം ലം പഞ്ചായത്തുകളിൽ 10 ഏക്കർ വീതവും, , മാടായി, ചെറുകുന്ന് പഞ്ചായത്തുകളിൽ 5 ഏക്കറിലുമാണ് പദ്ധതി ഇതിനായി സംസ്ഥാന സർക്കാർ 32.50 ലക്ഷം രൂപയാണ് അനുവദിച്ചത്.
അതോടൊപ്പം എരമം-കുറ്റൂർ പഞ്ചായത്തിലും കല്യാശേരി മണ്ഡലം ഔഷധ ഗ്രാമം പദ്ധതിയുമായി യോജിച്ച് കൃഷി ആരംഭിച്ചു. ആദ്യഘട്ടത്തിൽ 34 കർഷകരും രണ്ടാംഘട്ടത്തിൽ 97 കർഷകരുമാണ് കുറുന്തോട്ടി കൃഷിയുടെ ഭാഗമായത്. പഞ്ചായത്തടിസ്ഥാനത്തിൽ കർഷകരുടെ ഗ്രൂപ്പുകൾ രൂപീകരിച്ച് കർഷകർക്ക് പരിശീലനവും നൽകി.നിലം ഒരുക്കലിനും മറ്റുമായി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനമാണ് പ്രയോജനപ്പെത്തി.
വിളവെടുപ്പിന് മുന്നോടിയായി കൃഷി ചെയ്ത കുറുന്തോട്ടി വിളവെടുപ്പും, വിത്തു ശേഖരണവും സംബന്ധിച്ച് കർഷകർക്കുള്ള പരിശീലനവും നൽകി. കർഷകർക്ക് വിപണനത്തിലുള്ള സഹായവും ഉറപ്പുവരുത്തുകയും ഇതിനായി വിളവെടുത്ത കുറുന്തോട്ടിയും, വിത്തും സംസ്ഥാന പൊതുമേഖല സ്ഥാപനമായ തൃശൂരിലെ മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റി വഴി ഔഷധിയാണ് ശേഖരിക്കുന്നത്.
ഇതിലൂടെ കർഷകർക്ക് മികച്ച വരുമാനമാണ് ഉറപ്പാക്കുന്നതെന്നും അതോടൊപ്പം നിരവധി പേർക്ക് തൊഴിൽ സാധ്യതയും ഈ പദ്ധതിയുടെ ഭാഗമായി ലഭിച്ചതായും അതോടൊപ്പം കർഷകർക്ക് വിപണനത്തിലുള്ള സഹായവും ഉറപ്പുവരുത്തുന്നതിന് സൊസൈറ്റി രൂപീകരിക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചതായും എം വിജിൻ എം എൽ എ പറഞ്ഞു. കേരളത്തിലെ മികച്ച ജൈവ കാർഷിക നിയോജക മണ്ഡലത്തിനുള്ള സംസ്ഥാന പുരസ്ക്കാരം ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം കല്യാശേരി മണ്ഡലത്തിന് ലഭിച്ചത്. കുറുന്തോട്ടി വിളവെടുപ്പ് ഏഴോം പാറമ്മലിൽ ജനുവരി 6 ന് നടന്നു.
സംസ്ഥാന കൃഷി വകുപ്പ്, ഔഷധി, മെഡിസിനൽ പ്ലാൻ്റ് ബോർഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് കല്യാശ്ശേരി മണ്ഡലത്തിൽ ഔഷധ ഗ്രാമം പദ്ധതിതെന്ന് എം വിജിൻ എം എൽ എ അറിയിച്ചു.