കോവിഡ് 19: മലപ്പുറം ജില്ലയില്‍ മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങളോടെ അനുമതി
 
                                                മലപ്പുറം : കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും ജില്ലയില്‍ മത്സ്യബന്ധനത്തിന് ഭാഗികമായി അനുമതി നല്‍കി. വള്ളങ്ങളില്‍ പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്കാണ് കടലില്‍ പോകാന്‍ അനുമതി നല്‍കിയിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇന്ന് (ഏപ്രില്‍ 04) പൊന്നാനി തുറമുഖത്തു നിന്നാണ് മത്സ്യ തൊഴിലാളികള്‍ കടലിലിറങ്ങുക. ആരോഗ്യ ജാഗ്രത പൂര്‍ണ്ണമായും പാലിച്ചായിരിക്കണം തൊഴിലാളികള്‍ പോകേണ്ടത്. ഒരു വള്ളത്തില്‍ അഞ്ചിലധികം തൊഴിലാളികള്‍ ഉണ്ടാവരുത്. മത്സ്യബന്ധന തുറമുഖങ്ങളില്‍ ലേലം പാടില്ല. നിശ്ചയിച്ച വിലയില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിച്ച് കച്ചവടക്കാര്‍ക്ക് മത്സ്യം വാങ്ങാനുള്ള ക്രമീകരണങ്ങളാണ് ഫിഷറീസ് വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മത്സ്യബന്ധന തുറമുഖങ്ങളില്‍ പൊലീസിന്റെ നിരീക്ഷണവുമുണ്ടാവും. ഏപ്രില്‍ അഞ്ചിന് താനൂരിലും ആറിന് പരപ്പനങ്ങാടിയിലും ഇതേ രീതിയില്‍ മത്സ്യബന്ധനം നടക്കും.










