ഹലോ.. പേടിക്കേണ്ട ഞങ്ങളുണ്ട് നിങ്ങള്‍ക്കൊപ്പം..

post

ഇടുക്കി : കൊറോണയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ പ്രത്യേക സംവിധാനം പൊതുജനങ്ങള്‍ക്ക് ഏറെ സഹായമാകുന്നു. കളക്ട്രേറ്റിലെ ഡി.എം.ഒ ഓഫീസിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് കോള്‍ സെന്ററില്‍  ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ആരോഗ്യ കേരളം ജീവനക്കാര്‍,ഇടുക്കി മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി വിഭാഗം ഡോക്ടര്‍മാരും അടങ്ങുന്ന 25 പേരുടെ വിദഗ്ധ സംഘമാണ് രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പൊതുജനങ്ങള്‍ക്ക് സേവനമൊരുക്കുന്നത്. 

ഇവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ മെഡിക്കല്‍ ഓഫീസര്‍മാരും എന്‍.എച്ച്.എം പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരും മുഴുവന്‍ സമയവും കോള്‍ സെന്ററിലുണ്ട്. 1056 എന്ന ടോള്‍ഫ്രീ നമ്പറുണ്ട്. ഒപ്പം ഫോണ്‍ തിരക്ക്   ഒഴിവാക്കാനായി 4 ടെലിഫോണ്‍ ലൈനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.  ഹെല്‍പ് ഡെസ്‌ക് നമ്പറുകള്‍ 04862 232221, 233118.  

ഫയര്‍ഫോഴ്സ്, റവന്യൂ, പോലീസ്, ആരോഗ്യവകുപ്പ് , ഫിഷറീസ്, ദുരന്ത നിവാരണ അതോറിറ്റി ജീവനക്കാരടങ്ങുന്ന 12 പേരുടെ സംഘമാണ്   കളക്ട്രേറ്റിലെ ദുരന്ത നിവാരണ അതോറിറ്റി ഓഫീസില്‍  പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ സെല്‍ . നമ്പറുകള്‍ 04862 233130,233111, 9544409240. ടെലഫോണ്‍ സംബന്ധമായ  സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബി.എസ്.എന്‍.എല്‍ ജീവനക്കാരും സദാ സന്നദ്ധരാണ്.

ദിവസേന നൂറുകണക്കിന് കോളുകളാണ് ഇവിടേക്കെത്തുന്നത്. രോഗികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമ്പോള്‍ അതില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളില്‍ പോയിട്ടുള്ളവരും, രോഗലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ സംശയദൂരീകരണത്തിനായി വിളിക്കുന്നവരുമാണ് ഏറെ. പരാതികള്‍ക്കും  മറ്റു വകുപ്പുകള്‍ നടപടി എടുക്കേണ്ട വിഷയങ്ങളും പൊതുജനങ്ങള്‍ കോള്‍ സെന്റര്‍ മുഖേന പങ്കുവെക്കുന്നു.

വിദേശത്തു നിന്നും വന്നവര്‍ വിളിക്കുമ്പോള്‍ രോഗിയുമായുള്ള സമ്പര്‍ക്കം, രോഗ ലക്ഷണം, നാട്ടില്‍ എത്തിയിട്ട് എത്ര ദിവസമായി തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചശേഷം ഹോം ക്വാറന്റൈനില്‍ പ്രവേശിക്കണമെങ്കില്‍ അതിന്റെ നിര്‍ദേശം നല്‍കും. അങ്ങനെ പ്രവേശിച്ചവര്‍ക്ക് അതത് പ്രദേശത്തെ ആരോഗ്യ സ്ഥാപനങ്ങളുടെ സേവനവും ലഭ്യമാക്കാറുണ്ട്. കോള്‍ സെന്ററില്‍ റവന്യു  ആരോഗ്യ വകുപ്പ് അധികൃതര്‍ സന്ദര്‍ശിക്കുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തുവരുന്നു. കൂടാതെ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ എല്ലാ ദിവസവും സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.