മാർജിൻ മണി വായ്പാ കുടിശ്ശികയ്ക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി
വ്യവസായ വകുപ്പ് മുഖേന സംരംഭകർ എടുത്തിട്ടുള്ള മാർജിൻ മണി വായ്പ കുടിശ്ശികയായവർക്ക് സാമ്പത്തിക ഇളവുകൾ അനുവദിച്ച് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നിലവിൽ വന്നതായി മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. വായ്പാ തിരിച്ചടവ് മുടക്കം വന്നതിനാൽ പലിശയും പിഴപ്പലിശയും ഉൾപ്പടെ വൻ തുക കുടിശ്ശിക ഒടുക്കേണ്ടവർക്ക് ഇളവുകൾ അനുവദിക്കുന്നതിനും ബാധ്യതകൾ പൂർണ്ണമായി പരിഹരിക്കുന്നതിനും പദ്ധതി മുഖേന കഴിയും. സംരംഭകർക്ക് വായ്പയുടെ ബന്ധപ്പെട്ട രേഖകൾ സഹിതം മലപ്പുറം സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലെ ജില്ലാ വ്യവസായ കേന്ദ്രം ഓഫീസിൽ അപേക്ഷ സമർപ്പിക്കാം. നിലവിൽ റവന്യൂ റിക്കവറി നടപടികൾ നേരിടുന്നവർക്കും പദ്ധതിയിലൂടെ കുടിശ്ശിക ഒടുക്കി ബാധ്യത തീർക്കാം. നിലവിൽ വായ്പയെടുത്തയാൾ ജീവിച്ചിരിക്കാത്തതും സംരംഭം നിലവിലില്ലാത്തതുമായ യൂണിറ്റുകളുടെ വായ്പ പൂർണ്ണമായി എഴുതി തള്ളുന്നതിന് കുടിശ്ശികക്കാരന്റെ ബന്ധുക്കൾക്ക് അപേക്ഷ സമർപ്പിക്കാം. സ്ഥാപനം നിലവിലുള്ളവർക്ക് പലിശയിലും പിഴപ്പലിശയിലും വൻ ഇളവുകളോടെ കുടിശ്ശിക തീർക്കുവാനും കഴിയും. താത്പര്യമുള്ള സംരംഭകർ മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബന്ധപ്പെടണം. ഫോൺ: 0483-2737405