ഉരുള്‍പൊട്ടല്‍: പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കും

post

കൗണ്‍സിലിങിന് വിദഗ്ധരുടെ സേവനം ഉറപ്പാക്കും


മുണ്ടക്കൈ - ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുമെന്ന് മന്ത്രിസഭാ ഉപസമിതി. നിലവില്‍ ക്യാമ്പുകളില്‍ കഴിയുന്നവരെ താത്ക്കാലികമായി പുനരധിവസിപ്പിക്കുന്നതാണ് ഒന്നാം ഘട്ടം. ഇതിനായി ബന്ധുവീടുകളില്‍ പോവാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കും. മറ്റുള്ളവരെ താമസിപ്പിക്കുന്നതിനായി വാടക വീടുകളോ മറ്റ് സൗകര്യങ്ങളോ സര്‍ക്കാര്‍ ചെലവില്‍ കണ്ടെത്തി നല്‍കും. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിപുലമായ പദ്ധതിക്ക് രൂപം നല്‍കിയതായി റവന്യൂ മന്ത്രി കെ രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങളും സൗകര്യങ്ങളും ഇതിനായി ഉപയോഗപ്പെടുത്തും. ഈ ഘട്ടത്തില്‍ താത്ക്കാലികമായി പുനരധിവസിപ്പിക്കപ്പെട്ടവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി പ്രത്യേക ടീമിനെ നിയോഗിക്കും. സ്ഥിരം വീടുകളിലേക്ക് മാറുന്നതിനു മുമ്പുള്ള ഇടക്കാല ട്രാന്‍സിറ്റ് ഹോം സംവിധാനമാണ് രണ്ടാം ഘട്ടത്തില്‍ നടപ്പിലാക്കുക. ഇതിനായി അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി ഫ്രീഫാബ് സാങ്കേതികവിദ്യയിലുള്ള സംവിധാനങ്ങള്‍ ഒരുക്കും. സമ്പൂര്‍ണ പുനരധിവാസത്തിന്റെ ഭാഗമായുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ടൗണ്‍ഷിപ്പ് പദ്ധതി മൂന്നാംഘട്ടത്തിലാണ് നടപ്പിലാക്കുകയെന്നും മന്ത്രി അറിയിച്ചു.

ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമെങ്കില്‍ വിദഗ്ധ കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. നിലവില്‍ 136 കൗണ്‍സിലര്‍മാരുടെ സേവനമാണ് വിവിധ ക്യാമ്പുകളിലായി നല്‍കുന്നത്. ബാങ്ക് വായ്പകളുടെ തിരിച്ചടവുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് ലെവല്‍ ബാങ്കിംഗ് കമ്മിറ്റിയുടെ ഒരു അടിയന്തര യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ ദുരന്തസന്ദര്‍ഭത്തില്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ ക്യാമ്പുകളില്‍ കഴിയുന്നവരില്‍ നിന്ന് പണപ്പിരിവ് നടത്തുന്നത് ഒഴിവാക്കണമെന്നും മന്ത്രി അറിയിച്ചു.

പ്രാദേശിക ജനപ്രതിനിധികളെയും ദുരന്തത്തിനിരയായവരുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി വ്യത്യസ്ത ടീമുകള്‍ ദുരന്തബാധിത പ്രദേശങ്ങളെ ആറു മേഖലകളായി തിരിച്ച് നടത്തുന്ന പ്രദേശിക വിവരശേഖരണം അവസാന ഘട്ടത്തിലാണ്. ദുരന്തം നടന്ന പ്രദേശങ്ങളില്‍ ദേശീയ മന്ത്രിസഭാ ടീമുകള്‍ പരിശോധന നടത്താന്‍ എത്തുമെന്നും ഇവര്‍ക്കാവശ്യമായ മുഴുവന്‍ വിവരങ്ങളും കൈമാറിയതായും മന്ത്രിസഭ ഉപസമിതി പറഞ്ഞു. ഇതിനു പുറമെ, ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പുഞ്ചിരിമട്ടം പ്രദേശങ്ങളിലെ ഭൂമിശാസ്ത്രപരമായ സ്ഥിതിഗതികള്‍ സൂക്ഷ്മമായി പഠിക്കുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജിയോളജി, ഹൈഡ്രോളജി, സോയില്‍ കണ്‍സര്‍വേഷന്‍ പ്രതിനിധികള്‍, ഹസാഡ് അനലിസ്റ്റ് എന്നീ നാലു വിഭാഗത്തില്‍ നിന്നുള്ളവര്‍ ഉള്‍പ്പെട്ടതായിരിക്കും സമിതി. നിലവില്‍ കാണാതായ138 പേരുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡി.എന്‍.എ പരിശോധനയും രക്തസാമ്പിളിന്റെ ശേഖരണവും പൂര്‍ത്തിയാകുന്നതോടെ കാണാതായവരുടെ എണ്ണത്തില്‍ കുറവ് ഉണ്ടാകുമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവെച്ചു.

ഇവിടെയുണ്ടായതിനേക്കാള്‍ ജീവഹാനി കുറഞ്ഞ ദുരന്തങ്ങളെ ദേശീയ ദുരന്തങ്ങളായി പ്രഖ്യാപിച്ച് ഫണ്ട് നല്‍കിയ ചരിത്രമുണ്ടെന്നും അതിന് സമാനമായ ഫണ്ടെങ്കിലും വയനാട് ദുരന്തത്തിന്റെ കാര്യത്തില്‍ അനുവദിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നതായി മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മഹാദുരന്തത്തെ അതിജീവിക്കാന്‍ ഒറ്റക്കെട്ടായാണ് എല്ലാവരും മുന്നോട്ടുപോകുന്നതെന്നും ദുരിതബാധിതരുടെ ആത്മവിശ്വാസം കെടുത്തുന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്നും മന്ത്രി പറഞ്ഞു.