സുരേന്ദ്രന്‍ നായര്‍ മാനവിക പക്ഷത്ത് ഉറച്ചുനിന്ന കലാകാരന്‍: മന്ത്രി സജി ചെറിയാന്‍

post

* രാജാരവിവര്‍മ്മ പുരസ്‌കാരം സമര്‍പ്പിച്ചു

മാനവിക പക്ഷത്ത് ഉറച്ചു നിന്ന് രാഷ്ട്രീയം പറയാന്‍ കലയെ ഉപയോഗപ്പെടുത്തിയ കലാകാരനാണ് സുരേന്ദ്രന്‍ നായരെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ദൃശ്യകലാരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ബഹുമതിയായ രാജാരവിവര്‍മ്മ പുരസ്‌കാരം തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ചിത്രകാരന്‍ സുരേന്ദ്രന്‍ നായര്‍ക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള നമ്മുടെ സാംസ്‌കാരിക ജീവിതത്തിന്റെ മാറ്റത്തിലും വളര്‍ച്ചയിലും കലാകാരന്മാര്‍ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. സമൂഹവുമായും മനുഷ്യനുമായും സംവദിക്കുന്ന സര്‍ഗാത്മകമായ ആവിഷ്‌കാരമാണ് കല. കലാകാരന് അരാഷ്ട്രീയമായി നിലകൊള്ളാനാവില്ല. മനുഷ്യപക്ഷ രാഷ്ട്രീയം കലയിലൂടെ രൂപപ്പെടുത്താന്‍ കലാകാരന്മാര്‍ ശ്രമിക്കണം. പക്ഷേ ഇന്ന് പല കലാകാരന്മാരും ഇമേജിനും സമ്പത്തിനുമാണ് സാമൂഹിക പ്രശ്‌നങ്ങളേക്കാള്‍ പ്രാധാന്യം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.

പരിവര്‍ത്തനശക്തിയുള്ളതാണ് സുരേന്ദ്രന്‍നായരുടെ ചിത്രകലയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പാരമ്പര്യത്തിന്റെയും ആധുനികതയുടെയും ഇഴകള്‍ ചേര്‍ത്ത് വെച്ച് ചരിത്രബോധവും സമകാലിക പ്രസക്തിയും ഒരുപോലെ പ്രദര്‍ശിപ്പിക്കുന്ന സൃഷ്ടികള്‍ ഒരുക്കാന്‍ അദ്ദേഹത്തിനുള്ള കഴിവ് കലാകാരന്മാര്‍ക്കും കലാപ്രേമികള്‍ക്കും ഭാവിതലമുറക്കും പ്രചോദനമേകുന്നതാണെന്നും മന്ത്രി പറഞ്ഞു. രാജാരവിവര്‍മ്മ പുരസ്‌കാര സമര്‍പ്പണ പരിപാടി വിപുലമായ ജനകീയ പരിപാടിയാക്കി മാറ്റാന്‍ ലളിതകലാ അക്കാദമി ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

മൂന്നുലക്ഷം രൂപയും കീര്‍ത്തിപത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവുമടങ്ങിയതാണ് രാജാരവിവര്‍മ്മ പുരസ്‌കാരം. ചടങ്ങില്‍ വി.കെ. പ്രശാന്ത് എം എല്‍ എ അധ്യക്ഷത വഹിച്ചു. കേരള ലളിതകലാഅക്കാദമി ചെയര്‍പേഴ്‌സണ്‍ മുരളി ചീരോത്ത് പ്രശസ്തിപത്രം വായിച്ചു. കലാചരിത്രകാരനും സാംസ്‌കാരിക വിമര്‍ശകനും ക്യൂറേറ്ററും എഴുത്തുകാരനുമായ ജോണി എം.എല്‍. മുഖ്യപ്രഭാഷണം നടത്തി.

കേരള ഫിലിം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ വൈസ് ചെയര്‍മാന്‍ ജി.എസ്. പ്രദീപ്, സമം പദ്ധതി ചെയര്‍പേഴ്സണ്‍ സുജ സൂസന്‍ ജോര്‍ജ്ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സുരേന്ദ്രന്‍ നായര്‍ മറുപടി പ്രസംഗം നടത്തി. സാംസ്‌ക്കാരിക കാര്യ വകുപ്പ് ഡയറക്ടര്‍ മായ സ്വാഗതവും അക്കാദമി സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍ നന്ദിയും പറഞ്ഞു.