ഭക്ഷ്യ സുരക്ഷ: പരിശോധനയിലും പിഴത്തുകയിലും റെക്കോർഡ് വർധന

post

സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടത്തിയത് 65,432 പരിശോധനകള്‍. മുന്‍ വര്‍ഷങ്ങളേക്കാള്‍ റെക്കോര്‍ഡ് പരിശോധനകളാണ് കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയത്. പിഴത്തുകയും ഇരട്ടിയായി. എല്ലാ ജില്ലകളില്‍ നിന്നായി 4,05,45,150 രൂപ വിവിധ കാരണങ്ങളാല്‍ പിഴയിനത്തില്‍ ഈടാക്കി. കര്‍ശന പരിശോധനയുടേയും നടപടിയുടേയും ഫലമാണിത്. 10,466 സ്റ്റാറ്റിയൂട്ടറി സാമ്പിളുകള്‍ വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ശേഖരിച്ചു. 37,763 സര്‍വൈലന്‍സ് സാമ്പിളുകളും പരിശോധനയ്‌ക്കെടുത്തു. കഴിഞ്ഞ വര്‍ഷം 982 അഡ്ജ്യൂഡിക്കേഷന്‍ കേസുകളാണ് ഫയല്‍ ചെയ്തത്. 760 പ്രോസിക്യൂഷന്‍ കേസുകളും ഫയല്‍ ചെയ്തു. 7343 റെക്ടിഫിക്കേഷന്‍ നോട്ടീസുകളും 9642 കോമ്പൗണ്ടിംഗ് നോട്ടീസുകളും 438 ഇമ്പ്രൂവ്‌മെന്റ് നോട്ടീസുകളും നല്‍കി. പകര്‍ച്ചവ്യാധികളുടെ പശ്ചാത്തലത്തില്‍ ശക്തമായ പരിശോധനകള്‍ തുടരുകയാണ്.


ഷവര്‍മ്മ ഉത്പാദന വിതരണ കേന്ദ്രങ്ങളില്‍ മാത്രം 6531 പരിശോധനകള്‍ നടത്തി. നിയമലംഘനം കണ്ടെത്തിയ 2064 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി 85,62,600 രൂപ പിഴ ഈടാക്കി. സമഗ്രമായ പരിശോധനകള്‍ നടത്തുന്നതിനായി വകുപ്പില്‍ രൂപീകരിച്ച സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ 448 സ്ഥാപനങ്ങളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പരിശോധനകള്‍ നടത്തി. സ്‌കൂള്‍ പരിസരങ്ങളിലെ കടകള്‍ കേന്ദ്രീകരിച്ചും മെഡിക്കല്‍ കോളേജ് കാന്റീനുകള്‍ കേന്ദ്രീകരിച്ചും സംസ്ഥാന വ്യാപകമായി സ്‌ക്വാഡുകള്‍ പരിശോധിച്ചു. സ്‌കൂള്‍ പരിസരങ്ങളിലുള്ള 116 സ്ഥാപനങ്ങളില്‍ നിന്നും 721 സാമ്പിളുകള്‍ ശേഖരിച്ച് തുടര്‍ പരിശോധനകള്‍ക്കായി കൈമാറി. ഏലയ്ക്ക, ശര്‍ക്കര തുടങ്ങിയ നിര്‍മ്മാണ വിതരണ കേന്ദ്രങ്ങളിലെല്ലാം സ്‌പെഷല്‍ സ്‌ക്വാഡ് പരിശോധിച്ചു. ഷവര്‍മ്മ നിര്‍മ്മാണ വിതരണ ക്രേന്ദ്രങ്ങളില്‍ 589 പരിശോധനകളും സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി. ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയതിനാല്‍ 60 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തി വയ്പിച്ചു.


ഭക്ഷണ നിര്‍മ്മാണ വിപണനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 21,758 വ്യക്തികള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഫോസ്ടാക് പരിശീലനം നല്‍കി. ഇതുവഴി ഭക്ഷണം പാചകം ചെയ്യുമ്പോഴും വിതരണം ചെയ്യുമ്പോഴും പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ജീവനക്കാര്‍ക്ക് നല്‍കാന്‍ സാധിച്ചു. ഉപയോഗിച്ച എണ്ണ ശേഖരിച്ച് പുനരുപയോഗം നടത്തുന്ന റൂകോ പദ്ധതിയിലൂടെ 9,60,605 ലിറ്റര്‍ ഉപയോഗിച്ച എണ്ണ വകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ശേഖരിച്ചു കൈമാറി. ഈ വര്‍ഷം ഇത് വര്‍ധിപ്പിക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.


സംസ്ഥാനത്തെ 38 ആരാധനാലയങ്ങള്‍ക്ക് ഈറ്റ് റൈറ്റ് പ്ലേസ് ഓഫ് വര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കി. 20 കേന്ദ്രങ്ങള്‍ക്ക് ക്ലീന്‍ ഫ്രൂട്ട് ആന്റ് വെജിറ്റബിള്‍ മാര്‍ക്കറ്റ് അംഗീകാരം നല്‍കി. ഈറ്റ് റൈറ്റ് സ്റ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് 23 റയില്‍വേ സ്റ്റേഷനുകള്‍ നേടി. 2331 സ്ഥാപനങ്ങള്‍ ഹൈജീന്‍ റേറ്റിംഗും 182 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈറ്റ് റൈറ്റ് സ്‌കൂള്‍ ആന്റ് കാംപസ് സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കി. സ്ഥാപനങ്ങളുടെ ലൈസന്‍സ് ഉറപ്പുവരുത്തുന്നതിനായി നടത്തിയ ഫോസ് കോസ് ഡ്രൈവില്‍ 10,545 പരിശോധനകളാണ് നടത്തിയത്. 22,525 സ്ഥാപനങ്ങളാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ലൈസന്‍സ് നേടിയത്.


ഉപഭോക്താക്കള്‍ക്ക് ശുദ്ധമായ മത്സ്യം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ഓപ്പറേഷന്‍ മത്സ്യയിലൂടെ 5276 പരിശോധനകളാണ് പൂര്‍ത്തിയാക്കിയത്. മോശമായ 7212 കിലോ മത്സ്യം നശിപ്പിച്ചു. 2,58,000 രൂപ വിവിധ കാരണങ്ങളാല്‍ പിഴ ഈടാക്കി. ഭക്ഷണ പാക്കറ്റുകളില്‍ ലേബല്‍ പതിക്കുന്നത് നിര്‍ബന്ധമാക്കുകയും ഇത് ഉറപ്പു വരുത്തുന്നതിനായി നടത്തിയ ഓപ്പറേഷന്‍ ലേബലില്‍ 791 പരിശോധനകള്‍ പൂര്‍ത്തിയാക്കി. ഇതുമായി ബന്ധപ്പെട്ട് മാത്രം 122 അഡ്ജ്യൂഡിക്കേഷന്‍ കേസുകള്‍ ഫയല്‍ ചെയ്തു. ഇതോടൊപ്പം ഓണം, ക്രിസ്തുമസ്, ന്യൂ ഇയര്‍ പ്രമാണിച്ച് ചെക്ക് പോസ്റ്റുകളില്‍ ഉള്‍പ്പടെ സ്‌പെഷ്യല്‍ പരിശോധനകളും വകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കി.