സൗജന്യ റേഷന്‍ വിതരണം തുടങ്ങി

post

ഹോം ഡെലിവറി നേരിട്ട് ചെല്ലാന്‍ കഴിയാത്തവര്‍ക്ക് മാത്രം

കണ്ണൂര്‍ : കോവിഡ് രോഗവ്യാപനത്തിന്റെയും ലോക്ക്ഡൗണിന്റെയും സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ജില്ലയില്‍ ആരംഭിച്ചു. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും പാലിച്ചാണ് കടകളില്‍ നിന്ന് റേഷന്‍ വിതരണം ചെയ്യുന്നത്. തിരക്ക് ഒഴിവാക്കാന്‍ കാര്‍ഡ് നമ്പര്‍ അനുസരിച്ചുള്ള ദിവസങ്ങളിലാണ് വിതരണം. റേഷന്‍ കടയില്‍ ചെന്ന് റേഷന്‍ വാങ്ങിക്കുവാന്‍ പ്രയാസപെടുന്നവര്‍ക്ക് മാത്രമായിരിക്കും ഹോം ഡെലിവറി സമ്പ്രദായമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

എല്ലാ ദിവസവും രാവിലെ മുതല്‍ ഉച്ചവരെ അന്ത്യോദയ മുന്‍ഗണന വിഭാഗങ്ങള്‍ക്കും ഉച്ചയ്ക്കുശേഷം മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കും (നീല, വെള്ള കാര്‍ഡുകള്‍ക്ക്) റേഷന്‍ വിതരണം നടത്തും.  ഒരു റേഷന്‍ കടയില്‍ ഒരു സമയം അഞ്ചുപേര്‍ വരെ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ.  നേരിട്ടെത്തി റേഷന്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുവാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ സഹായം റേഷന്‍ കടകളില്‍ ഉറപ്പുവരുത്താനാണ് നിര്‍ദേശം. ഇതിനായി ജനപ്രതിനിധികളുടെയോ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സന്നദ്ധ പ്രവര്‍ത്തകരുടെയോ സഹായം മാത്രമേ സ്വീകരിക്കാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്.

റേഷന്‍ കാര്‍ഡ് നമ്പര്‍ 0, 1 എന്ന അക്കത്തില്‍ അവസാനിക്കുന്നവര്‍ക്കാണ് ഒന്നാം ദിവസമായ ബുധനാഴ്ച റേഷന്‍ നല്‍കിയത്. 2, 3 എന്ന അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് രണ്ടാം തീയതി; 4, 5 എന്ന അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് മൂന്നാം തീയതി; 6, 7 എന്ന അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് നാലാം തീയതി; 8, 9 എന്ന അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് അഞ്ചാം തീയതി എന്നിങ്ങനെയാകും റേഷന്‍ ലഭിക്കുക. അഞ്ചു ദിവസത്തിനുള്ളില്‍ എല്ലാവര്‍ക്കും റേഷന്‍ നല്‍കാനാകും. നിശ്ചിത ദിവസങ്ങളില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഏപ്രില്‍ 20 വരെ വാങ്ങാന്‍ അവസരമുണ്ടാകുമെന്നും അറിയിപ്പില്‍ പറഞ്ഞു.