ഭിന്നശേഷിയുണ്ടെന്ന് കരുതി ഒതുങ്ങിക്കൂടരുത്, സാധ്യമായ എല്ലാ സഹായവും നൽകും: മുഖ്യമന്ത്രി

post

ഭിന്നശേഷിയുണ്ടെന്ന് കരുതി ഒതുങ്ങിക്കൂടരുതെന്നും ഭിന്നശേഷി ജീവിതവിജയത്തിന് തടസമല്ലെന്ന് തെളിയിച്ച നിരവധി ആളുകളുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഭിന്നശേഷി ഒരു പോരായ്മയല്ലെന്നും അതിനെ അതിജീവിക്കാൻ കഴിയുമെന്നും ഓരോരുത്തരും നിശ്ചയിക്കണം. സാധ്യമായ എല്ലാ സഹായസഹകരണങ്ങളും ഉറപ്പുവരുത്തി നവകേരളം ഭിന്നശേഷി സൗഹൃദമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഭിന്നശേഷി വിഭാഗത്തിൽനിന്നുള്ളവരുമായി നടത്തിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഭിന്നശേഷിയുള്ളവർ പൊതുസമൂഹത്തിൽ നേരിടുന്ന അസമത്വവും വിവേചനവും അവസാനിപ്പിക്കുകയെന്നത് ആധുനിക ജനാധിപത്യ സമൂഹത്തിന് അത്യന്താപേക്ഷിതമാണ്. കാഴ്ച, കേൾവി, സംസാരശേഷി എന്നിവയിലോ ശാരീരികമായോ ബുദ്ധിപരമായോ പിന്നാക്കം നിൽക്കുന്നവരെ അതൊന്നുമില്ലാത്തവരോടു മത്സരിക്കാൻ നിയോഗിക്കുന്നതു നീതിയല്ല. അതു ഭിന്നശേഷിയുള്ളവർ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക മേഖലകളിൽ എക്കാലവും പിന്നോക്കം തന്നെ നിൽക്കുന്നു എന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യുക. ഭിന്നശേഷിയുള്ളവരെ സവിശേഷമായി കാണുകയും അവർക്കു വേണ്ട പ്രത്യേക പദ്ധതികൾ ആവഷ്‌ക്കരിക്കുകയും ചെയ്യണം. ഇതു മുൻനിർത്തി നവകേരള സൃഷ്ടിയുടെ ഭാഗമായി ഭിന്നശേഷിയുള്ളവരെക്കൂടി സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാനുള്ള ശ്രമത്തിലാണു സംസ്ഥാന സർക്കാർ.


നവകേരളത്തിന്റെ മുഖമുദ്രകളിൽ പ്രധാനപ്പെട്ടത് അതിന്റെ ഉൾച്ചേർക്കൽ സ്വഭാവമാണ്. എന്തു കാരണത്തിന്റെ പേരിലാണെങ്കിലും ഒരൊറ്റ വ്യക്തിപോലും അതിൽ നിന്ന് ഒഴിവാക്കപ്പെടുകയില്ല. ഭിന്നശേഷി എന്നത് വ്യക്തിയുടെ മാത്രം പ്രശ്‌നമാണെന്നും സമൂഹത്തിന് അതിൽ ഉത്തരവാദിത്വമില്ലെന്നും വ്യാഖാനിക്കുന്ന ചിലരുണ്ട്. ഇതൊരു ആരോഗ്യപ്രശ്‌നമാണെന്നും അതിനാൽ ചികിത്സ ലഭ്യമാക്കുക മാത്രമാണ് സമൂഹത്തിന്റെ കടമയെന്ന് കരുതുന്നവരുമുണ്ട്. എന്നാൽ ഭിന്നശേഷിക്കാരുടെ സമഗ്രവികസനം സമൂഹത്തിന്റെ പൊതു ഉത്തരവാദിത്തമാണെന്നും മറ്റുള്ളവരെപ്പോലെ അവരെയും ചേർത്തുനിർത്തേണ്ടത് സമൂഹത്തിന്റെ പ്രധാന കടമയാണെന്നുമുള്ള കാഴ്ചപ്പാടാണ് സംസ്ഥാന സർക്കാരിനുള്ളത്. ഒരു രംഗത്തു ഭിന്നശേഷി, മറ്റൊരു രംഗത്ത് അധികശേഷി എന്നും വരാം. ഈ അധികശേഷി കണ്ടെത്തി വളർത്തിക്കൊണ്ടുവരിക എന്നതും സർക്കാരിന്റെ നയമാണ്.


വിവിധങ്ങളായ സമീപനങ്ങളെയും സാധ്യതകളെയും സമന്വയിപ്പിച്ചു നിരവധി പദ്ധതികളാണു ഭിന്നശേഷിക്കാരുടെ സമഗ്ര വികസനത്തിനായി സർക്കാർ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഭിന്നശേഷിയുള്ളവർക്ക് കൂടി ഉപയോഗിക്കാൻ കഴിയുന്ന അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുക, വിദ്യാഭ്യാസത്തിലും തൊഴിലിലും അവരുടെ പങ്കാളിത്തം ഉറപ്പാക്കുക, പരമാവധി ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുക എന്നിവയെല്ലാം ചെയ്തുവരുന്നത് ഈ കാഴ്ചപ്പാടിന്റെ ഭാഗമായാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.