കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ പ്രകീർത്തിച്ച് മണിപ്പൂർ വിദ്യർത്ഥികൾ

post

കലാപത്തെ തുടർന്ന് പഠനം മുടങ്ങി ഉപരിപഠനത്തിനായി കേരളത്തിലെത്തിയ മണിപ്പൂർ വിദ്യാർത്ഥികൾ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ പ്രകീർത്തിച്ചു കൊണ്ട് മുഖാമുഖം പരിപാടിയുടെ ഭാഗമായി. മണിപ്പൂരിൽ നിന്നുള്ള നാല് വിദ്യാർത്ഥികളാണ് പങ്കെടുത്തത്. എല്ലാവരും കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിലെ വിവിധ ക്യാമ്പസുകളിലെ വിദ്യാർത്ഥികളാണ്.

കലാപത്തിന്റെ പശ്ചാത്തലത്തിൽ മണിപ്പൂരിലെ വിദ്യാർത്ഥികൾക്ക് പ്രത്യേകം സീറ്റ് അനുവദിക്കണമെന്ന സർക്കാരിൻ്റെയും സർവകലാശാല സിൻഡിക്കേറ്റിൻ്റെയും തീരുമാനപ്രകാരമാണ് മണിപ്പൂർ വിദ്യാർത്ഥികൾക്ക് കേരളത്തിൽ പ്രവേശനം ലഭിച്ചത്.

"നാട്ടിൽ കലാപം വ്യാപകമായപ്പോൾ മണിപ്പൂർ സ്റ്റുഡൻസ് യൂണിയൻ വിദ്യാർത്ഥികളുടെ തുടർ വിദ്യാഭ്യാസത്തിന് നിരവധി സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു. എന്നാൽ കേരളം മാത്രമാണ് ഞങ്ങൾക്കൊപ്പം നിന്നത്. 100 വിദ്യാർത്ഥികൾ ഇപ്പോൾ കേരളത്തിൽ ഉപരിപഠനം നടത്തുന്നുണ്ട്. ഇതിൽ 46 വിദ്യാർത്ഥികൾ കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിലാണ്," മണിപ്പൂരിൽ നിന്നുള്ള ഗൗലുങ് മൻ മുഖ്യമന്ത്രിയുമായുള്ള സംവാദത്തിൽ പറഞ്ഞു.

കുറച്ചു വർഷങ്ങളായി കേരളം മാത്രമാണ് സാമുദായിക സംഘർഷങ്ങളും കലാപങ്ങളും നടക്കാത്ത രാജ്യത്തെ ഏക സംസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

കലാപം രൂക്ഷമായപ്പോൾ വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി സർക്കാരിനെ സമീപിക്കുകയും അവർക്ക് പഠനത്തിന് തുടർച്ച നഷ്ടപ്പെടാതെ തികച്ചും സൗജന്യമായി ഉന്നത വിദ്യാഭ്യാസം സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ലംഖോഹട് കിപെൻ, വിൻസൺ ഹൗകിപ്, ഷാരോൺ എന്നിവരാണ് മുഖാമുഖത്തിൽ പങ്കെടുത്ത മറ്റ് മണിപ്പൂർ വിദ്യാർത്ഥികൾ.