മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ കേരഗ്രാമത്തിന് തുടക്കമായി

post

മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവഹിച്ചു

തൃശൂർ ജില്ലയിലെ മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു. 100 ഹെക്ടറിലാണ് രണ്ടാം കേരഗ്രാമം പദ്ധതി നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്. മൂല്യവർധിത കേര ഉൽപ്പന്നങ്ങളുടെ അനന്ത സാധ്യതകൾ കണ്ടെത്തുകയും വിപുലപ്പെടുത്തുകയും ചെയ്തുകൊണ്ടാവണം രണ്ടാം കേരഗ്രാമം പദ്ധതി നടപ്പിലാക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു. ഒന്നാം കേരഗ്രാമം പദ്ധതിയിൽ സംസ്ഥാനതലത്തിൽ ശ്രദ്ധയാകർഷിച്ച് മാതൃകയായ പഞ്ചായത്താണ് മാടക്കത്തറയെന്നും മന്ത്രി പറഞ്ഞു. പദ്ധതിക്ക് തുടർച്ച ഉണ്ടാവണമെന്ന ആഗ്രഹത്തിൽ നിന്നാണ് ഹൈബ്രിഡ് തെങ്ങിൻ തൈകളുടെയടക്കം ഉത്പാദനം ലക്ഷ്യമിട്ട നഴ്സറിയും ലൈസൻസും ഉൾപ്പെടെയുള്ളവ നേടിയെടുത്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേര സമിതിയുടെ തുടക്കക്കാരനും ഭാരവാഹിയുമായിരുന്ന ഭാസ്കരൻ മാഷിനെ ചടങ്ങിൽ മന്ത്രി ആദരിച്ചു.

കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ കൃഷിദർശൻ പരിപാടിയുടെ ഗുണഫലമായാണ് കേരഗ്രാമം നാളികേര വികസന പദ്ധതി മാടക്കത്തറയിൽ വിഭാവനം ചെയ്യപ്പെട്ടത്. ഉത്പാദനവർദ്ധനവിനുതകുന്ന എല്ലാ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് കേരകർഷകർക്ക് ധനസഹായം നൽകനാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിട്ടത്. പുതിയ കർഷകരെ കണ്ടെത്തിക്കൊണ്ട് പദ്ധതി വിപുലീകരിക്കാനും രണ്ടാംഘട്ടത്തിൽ ലക്ഷ്യമിടുന്നുണ്ട്. 25 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്.

മാടക്കത്തറ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ ഒന്നാമത്തെ വീടായ ജെറോം അരീക്കാടിന്റെ കൃഷിയിടത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി കേരഗ്രാമം ഗുണഭോക്താക്കൾക്ക് ഇടവിള കിറ്റും ജൈവവള വിതരണവും കേരസമിതിക്ക് ഡി.പി.ആർ കൈമാറ്റവും നടത്തി.