റിപ്പബ്ലിക് ദിനാഘോഷ നിറവിൽ വയനാട് ജില്ല

post

രാജ്യത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായി ആഘോഷിച്ച് വയനാട് ജില്ല. കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ വിശിഷ്ടാതിഥിയായി. രാവിലെ 8.30 യോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. 9 ന് മന്ത്രി ദേശീയ പതാക നിവർത്തി പരേഡിന് അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് മന്ത്രി റിപ്പബ്ലിക്ദിന സന്ദേശം നൽകി. പരേഡിൽ 25 പ്ലാറ്റൂണുകളാണ് ഇത്തവണ അണിനിരന്നത്. നൂൽപ്പുഴ പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ എ.ജെ അമിത് സിംഗ് പരേഡ് കമാൻഡറായിരുന്നു. വയനാട് ഡി.എച്ച്.ക്യു റിസർവ്വ് സബ് ഇൻസ്‌പെക്ടർ എസ് ബെന്നിയായിരുന്നു സെക്കന്റ് ഇൻ കമാൻഡർ. മാനന്തവാടി എസ്.പി.സി സംഘം ബാന്റ് വാദ്യമൊരുക്കി. പോലീസ്, എക്സൈസ്, ഫോറസ്റ്റ്, വിമുക്തഭടൻമാർ എന്നിവർക്ക് പുറമെ ജില്ലയിലെ വിവിധ സ്‌ക്കൂളുകളിലേയും കേളേജുകളിലേയും എൻ.സി.സി, എസ്.പി.സി, സ്‌ക്കൗട്ട് ആൻഡ് ഗൈഡ്സ് പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു.


പോലീസ്, എക്‌സൈസ് , ഫോറസ്റ്റ് പ്ലാറ്റൂണുകൾക്കു പുറമെ മുട്ടിൽ ഡബ്ല്യു എം.ഒ കോളേജ്, കൽപ്പറ്റ എൻ.എം.എസ്.എം കോളേജ്, കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ, ചുണ്ടേൽ ആർ.സി.എച്ച്.എസ്.എസ്, തരിയോട് നിർമ്മല എച്ച്.എസ്.എസ്, പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ്, എന്നിവിടങ്ങളിലെ എൻ.സി.സി പ്ലാറ്റൂണുകളും പിണങ്ങോട് ഡബ്ല്യു.ഒ.എച്ച് എസ് എസ്, തരിയോട് നിർമ്മല എച്ച്.എസ്.എസ്, കണിയാമ്പറ്റ ജി.എം.ആർ. എസ്, നല്ലൂർനാട് എ.എം ആർ എച്ച്.എസ്.എസ്, പടിഞ്ഞാറത്തറ ജി.എച്ച്.എസ്, മുണ്ടേരി ജി.വി.എച്ച്.എസ്, കണിയാരം ജി.കെ.എം.എച്ച്.എസ്.എസ്, തരിയോട് ജി.എച്ച്.എസ്.എസ്, പനമരം ജി.എച്ച്.എസ്.എസ്, മീനങ്ങാടി ജി.എച്ച്.എസ്.എസ് എന്നീ എസ്.പി.സി പ്ലാറ്റൂണുകളും കൽപ്പറ്റ എൻ.എസ്.എസിൻ്റെ സ്കൗട്ട്, ഗൈഡ്‌സ് പ്ലാറ്റൂണും കാക്കവയൽ ജി.എച്ച്.എസ്.എസ് ജെ.ആർ.സി പ്ലാറ്റൂണുകളുമാണ് പങ്കെടുത്തത്.


നടവയൽ സെന്റ് തോമസ് എച്ച് എസ് എസിൻ്റെ ദേശഭക്തി ഗാനം, കൽപ്പറ്റ എസ്.കെ.എം.ജെ.എച്ച്.എസ്.എസിന്റെ നാടൻപാട്ട് എന്നിവയും നടന്നു. സർവ്വീസിൽ നിന്നും വിരമിക്കുന്ന എ.ഡി.എം എൻ.ഐ ഷാജുവിന് ജില്ലാ ഭരണകൂടത്തിൻ്റെ ഉപഹാരം മന്ത്രി നൽകി. ചടങ്ങിൽ പരേഡിൽ പങ്കെടുത്ത പ്ലാറ്റൂണുകൾക്കുള്ള സമ്മാന വിതരണവും നടന്നു. പൂർണമായും ഹരിത ചട്ടങ്ങൾ പാലിച്ചാണ് പരിപാടികൾ നടന്നത്.