അവധി അറിവിന്റെ ആഘോഷമാക്കി ലിറ്റിൽ കൈറ്റ്‌സ് വിദ്യാർഥികൾ
 
                                                ഈ അവധിക്കാലത്ത് വിവര സങ്കേതികവിദ്യയുടെ നൂതന മേഖലകളിലേക്ക് പറന്നിറങ്ങാൻ ശ്രമിക്കുകയാണ് ഒരു പറ്റം വിദ്യാർഥികൾ. മലപ്പുറം ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ നടക്കുന്ന ലിറ്റിൽ കൈറ്റ്‌സിന്റെ സബ് ജില്ലാ ക്യാമ്പിലാണ് സബ് ജില്ലയിലെ സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് വിവിധ മേഖലകളിൽ പരിശീലനം നൽകുന്നത്.
എ.ഐ പ്രോഗ്രാമിങ്, മെഷീൻ ലേണിങ്, പൈത്തൺ പ്രോഗ്രാമിങ്, ആർഡിനോ പരീക്ഷണങ്ങൾ ടു ഡി, ത്രീ ഡി ആനിമേഷൻ വീഡിയോ എഡിറ്റിങ് തുടങ്ങിയ മേഖലകളിലാണ് ക്യാമ്പിൽ വിദഗ്ധ പരിശീലനം നൽകി വരുന്നത്. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിന് കൈറ്റിലെ മാസ്റ്റർ ടെയിനർമാരായ കുട്ടിഹസ്സൻ, യാസർ അറഫാത്ത്, സ്‌കൂൾ ഐ.ടി കോ-ഓർഡിനേറ്റർമാരായ വിജീഷ്, അബ്ദുൽ ലതീഫ് എന്നിവരാണ് നേതൃത്വം നൽകുന്നത്.










