കതിരൂരില്‍ വനിതാ ശിശുവികസന വകുപ്പിന്റെ ആദ്യത്തെ സ്മാര്‍ട്ട് അങ്കണവാടി ആരംഭിച്ചു

post

വികസനം വേഗത്തിലാകാൻ ജനങ്ങള്‍ ഒപ്പമുണ്ടാവണം: സ്പീക്കര്‍

സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ കണ്ണൂർ ജില്ലയിലെ കതിരൂരില്‍ ആരംഭിച്ച ആദ്യത്തെ സ്മാര്‍ട്ട് അങ്കണവാടി സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. വികസനം വേഗത്തില്‍ യാഥാര്‍ഥ്യമാകാന്‍ ജനങ്ങൾ ഒപ്പം ഉണ്ടാവണമെന്നും അങ്കണവാടി കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ ഉപയോഗത്തില്‍ താല്‍പര്യമുണ്ടാക്കാന്‍ അങ്കണവാടി ടീച്ചര്‍മാരും ഹെല്‍പ്പര്‍മാരും കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും സ്പീക്കര്‍ പറഞ്ഞു.

കതിരൂര്‍ ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ ഗവ. ആയുര്‍വേദ ആശുപത്രിക്ക് സമീപമാണ് അങ്കണവാടി ആരംഭിച്ചത്. മുരിക്കോളി കുഞ്ഞാപ്പു, മാധവി, ദാമോദരന്‍ മാസ്റ്റര്‍ എന്നിവരുടെ സ്മരണയ്ക്കായി കുടുംബാഗങ്ങള്‍ നല്‍കിയ ഏഴേകാല്‍ സെന്റില്‍ 32.31 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മിച്ചത്. വനിതാ ശിശു വികസന വകുപ്പ് അനുവദിച്ച 20 ലക്ഷം രൂപയും കതിരൂര്‍ പഞ്ചായത്ത് അനുവദിച്ച 12.31 ലക്ഷം രൂപയും ഉപയോഗിച്ചാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്. 13 കുട്ടികളുള്ള അങ്കണവാടിയില്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂം, സ്മാര്‍ട്ട് അടുക്കള തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ അധ്യക്ഷത വഹിച്ചു.