ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് 5000 രൂപ വീതം നൽകിയതായി സംസ്ഥാന സർക്കാർ

ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാരുടെ ബാങ്ക് അക്കൗണ്ടുകളിൽ പത്ത് ലക്ഷത്തി പതിനായിരം രൂപ എത്തിച്ചതായി സംസ്ഥാന സർക്കാർ. ഭിന്നശേഷിക്കാരായ 202 ലോട്ടറി ഏജന്റുമാർക്കാണ് 5000 രൂപ വീതം ബാങ്കുകളിലെത്തിച്ചത്. ഭിന്നശേഷിക്കാരായ അംഗീകൃത ലോട്ടറി ഏജന്റുമാർക്കുള്ള ധനസഹായത്തിനായി ലഭിച്ച അപേക്ഷകരിൽ നിന്നും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ 2023-2024 സാമ്പത്തിക വർഷത്തിൽ 202 പേരെ ധനസഹായത്തിന് തിരഞ്ഞെടുത്തത്.
വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന പദ്ധതി കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് പുനസ്ഥാപിച്ചത്. രണ്ടു ഗഡുക്കളായി 2500- രൂപ നല്കിയിരുന്നത്, 5000 രൂപ ഒറ്റ ഗഡുവായാണ് ഇപ്പോൾ നല്കിവരുന്നത്. അർഹതപ്പെട്ട മുഴുവൻ പേർക്കുമുള്ള ധനസഹായം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് എത്തിച്ചിട്ടുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു പറഞ്ഞു. ഗുണഭോക്താക്കളുടെ പട്ടിക ഉൾപ്പടെയുള്ള വിവരങ്ങൾ www.hpwc.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2347768/9497281896 നമ്പറുകളിൽ ബന്ധപ്പെടാം.