'പൂപ്പൊലി' അന്താരാഷ്ട്ര പുഷ്‌പോത്സവം ജനുവരി 1 മുതല്‍ 15 വരെ

post

കേരളത്തിന്റെ കൃഷി, ടൂറിസം ഭൂപടങ്ങളില്‍ ഇടം നേടിയ പൂക്കളുടെ ഉത്സവമായ 'പൂപ്പൊലി' വയനാട് ജില്ലയിലെ അമ്പവലയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജനുവരി ഒന്ന് മുതല്‍ 15 വരെ നടക്കും. പൂപ്പൊലിയുടെ ആറ് സബ് കമ്മിറ്റികൾ രൂപീകരിച്ചു. വൈവിധ്യമാര്‍ന്ന അലങ്കാരവര്‍ണ പുഷ്പങ്ങളുടെ പ്രദര്‍ശനം, കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയിലെ സാങ്കേതിക ഉദ്യോഗസ്ഥര്‍ക്കും വിജ്ഞാനം പകരുന്ന സെമിനാറുകള്‍ എന്നിവ അതാത് മേഖലയിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ മേളയില്‍ സംഘടിപ്പിക്കും. വിവിധ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെയും കര്‍ഷകര്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരുടേതുമടക്കം 200-ല്‍പ്പരം സ്റ്റാളുകളും സന്ദര്‍ശകര്‍ക്കായി ഒരുക്കും. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ മാനസികോല്ലാസത്തിനായി വിവിധയിനം കലാവിരുന്നുകളും പുഷ്പമേളയുടെ ഭാഗമായി നടക്കും. ആറ് ടിക്കറ്റ് കൗണ്ടറുകളും ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സംവിധാനവും ഏര്‍പ്പെടുത്തും. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് പൂപ്പൊലി നടക്കുക.

അമ്പലവയല്‍ ആര്‍.എ.ആര്‍.എസില്‍ നടന്ന പൂപ്പൊലി സബ്കമ്മിറ്റി രൂപീകരണ യോഗത്തില്‍ പൂപ്പൊലി ചെയര്‍മാന്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍. എ അദ്ധ്യക്ഷത വഹിച്ചു.