കേരള ജനതയുടെ ഒരുമയെയും ഐക്യത്തെയും ആർക്കും തകർക്കാനാവില്ല - മുഖ്യമന്ത്രി പിണറായി വിജയൻ

post

കേരളത്തിലെ ജനങ്ങളുടെ ഒരുമയേയും ഐക്യത്തെയും വികസന പദ്ധതികളെയും ആർക്കും തകർക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒല്ലൂർ നിയോജക മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഒല്ലൂരിലെ നവകേരള സദസ്സ് വേദി മാറ്റി ദിവസങ്ങൾക്കകം പുതിയ വേദിയെ വിപുലമായ ജനസാഗരത്തെ വരവേൽക്കാനായി മികച്ച സൗകര്യങ്ങളോടെ ഒരുക്കിയ സംഘാടകരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. വേദി മാറ്റിയതുമായി ബന്ധപ്പെട്ട് സുവോളജിക്കൽ പാർക്കിനെ അനാവശ്യമായി വിവാദത്തിൽപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

നവകേരള സദസ്സ് ആരംഭിച്ചശേഷം ഓരോ സ്ഥലത്തും കാണുന്നത് വലിയ ജനാവലിയാണ്. നമ്മുടെ നാട് ഇന്ന് എത്തി നിൽക്കുന്ന സാഹചര്യം, ഈ നാടിനെ പുരോഗതിയിലേക്ക് നയിക്കാൻ സ്വീകരിക്കുന്ന നടപടികൾ എന്നിവയെല്ലാം ജനങ്ങളുമായി പങ്കുവെക്കാനാണ് നവകേരള സദസ്സ് സംഘടിപ്പിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. വെള്ളാനിക്കര കാർഷിക സർവകലാശാല ഗ്രൗണ്ടിൽ നടന്ന ഒല്ലൂർ നിയോജക മണ്ഡലം നവകേരള സദസ്സിൽ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, ജി.ആർ. അനിൽ, വി. അബ്ദുറഹ്മാൻ, സംഘാടക സമിതി കൺവീനർ എ.ഡി.എം ടി. മുരളി, ജില്ലാ വികസന സമിതി അംഗവും ഒല്ലൂർ നവ കേരള സദസ്സ് വർക്കിംഗ് കൺവീനറുമായ പ്രസാദ് പാറേരി തുടങ്ങിയവര്‍ സംസാരിച്ചു.