എം. കുഞ്ഞാമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

സാമ്പത്തികശാസ്ത്ര വിദഗ്ധനും അധ്യാപകനുമായ എം. കുഞ്ഞാമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പ്രതികൂല സാമൂഹ്യ സാഹചര്യങ്ങളെ നിശ്ചയദാർഢ്യത്തോടെ മറികടന്ന് ഉയർന്നുവന്ന പ്രഗത്ഭനാണ് എം. കുഞ്ഞാമൻ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
മൗലികമായ ധാരണകളും അഭിപ്രായങ്ങളും കൊണ്ട് ശ്രദ്ധേയനായ ഈ സാമ്പത്തിക വിദഗ്ധന് കേരളത്തിന്റെ വികസന കാര്യത്തിൽ സ്വന്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. വലിയ ശിഷ്യസഞ്ചയമുളള അധ്യാപകൻ, എഴുത്തുകാരൻ, എന്നിങ്ങനെ പല നിലകളിൽ ശ്രദ്ധിക്കപ്പെട്ട അദ്ദേഹത്തിന്റെ എതിര് എന്ന ആത്മകഥ ജീവിത യാഥാർഥ്യങ്ങളുടെ പ്രതിഫലമുള്ളതാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തിന് വലിയ നഷ്ടമാണ് ഈ വേർപാടെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.