ന്യൂനമർദ്ദം: സംസ്ഥാനത്ത് അഞ്ചു ദിവസം ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

post

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്കൻ ശ്രീലങ്കക്കും മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ 1 ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് പ്രവചിച്ചിട്ടുള്ളത്.

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി നില നിന്നിരുന്ന ന്യൂനമർദ്ദം ശക്തി പ്രാപിച്ച് തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി മാറി. തുടർന്ന് ഡിസംബർ 3-ഓടെ തീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യത. ഡിസംബർ 4 വൈകുന്നേരത്തോടെ തെക്കൻ ആന്ധ്രാപ്രദേശിനും വടക്കൻ തമിഴ്നാട് തീരത്ത് ചെന്നൈക്കും മച്ചലിപട്ടണത്തിനും ഇടയിൽ ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഡിസംബർ 1 ന് രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം.