കേരളത്തിന്റെ വികസന വഴികൾ അടയാളപ്പെടുത്തി പെരിന്തൽമണ്ണ നവകേരള സദസ്

post

ജനകീയ സർക്കാറിനുള്ള പിന്തുണയാണ് നവകേരള സദസ്സുകളിൽ കാണുന്ന ജനപങ്കാളിത്തം: മുഖ്യമന്ത്രി

തെളിമയാർന്ന നിലപാടുകളുമായി മുന്നോട്ടുപോകുന്ന ജനകീയ സർക്കാറിനുള്ള പിന്തുണയാണ് നവകേരള സദസ്സുകളിൽ കാണുന്ന വൻജന പങ്കാളിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആഗോളവൽക്കരണ-ഉദാരവൽക്കരണ നയങ്ങളെ എതിർക്കുന്ന മുന്നണിയാണ് കേരളത്തിൽ ഭരണം നടത്തുന്നത്. തീർത്തും ബദലായ സാമ്പത്തിക നയം സ്വീകരിക്കുന്ന കേരളമെന്ന തുരുത്തിനെ അംഗീകരിക്കാൻ കേന്ദ്രസർക്കാരിന് കഴിയുന്നില്ലെന്നും അതിന്റെ പേരിൽ കേരളത്തിന് അർഹമായ വിഹിതം തടഞ്ഞുവെയ്ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


നവകേരള സദസ്സുകൾ പുതിയ രാഷ്ട്രീയ സംസ്‌കാരത്തിന് തുടക്കമിട്ടു: മന്ത്രി ആന്റണി രാജു

പുതിയൊരു രാഷ്ട്രീയ സംസ്‌കാരത്തിനാണ് നവകേരള സദസ്സിലൂടെ സംസ്ഥാന സർക്കാർ തുടക്കമിട്ടിരിക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. പെരിന്തൽമണ്ണ മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾ സർക്കാരിന് മുന്നിലേക്കല്ല, മറിച്ച് സർക്കാർ ജനങ്ങൾക്കിടയിലേക്കെന്ന ആശയമാണ് ഇതിലൂടെ നടപ്പാക്കുന്നത്. കർഷകർ ഉൾപ്പടെ സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ ഒരു തീൻ മേശക്ക് ചുറ്റും ഇരുന്ന് മന്ത്രിമാരുമായി ചർച്ച നടത്തുന്ന പ്രഭാത സദസ്സുകൾ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തതാണ്. ഇത്തരത്തിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുകയാണ് നവകേരള സദസ്സിലൂടെ ലക്ഷ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.


വിദേശ രാജ്യങ്ങളോട് കിടപിടിക്കും വിധം സമഗ്രവികസനമാണ് കേരളത്തിലുള്ളത്: മന്ത്രി ജെ. ചിഞ്ചു റാണി

വിദേശ രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള സമഗ്രവികസനമാണ് കേരളത്തിൽ നടപ്പാക്കുന്നതെന്ന് മൃഗസംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. ആരോഗ്യ, വിദ്യാഭ്യാസ, പശ്ചാത്തല വികസന രംഗങ്ങളിൽ രാജ്യത്ത് തന്നെ മാതൃകയായി കേരളം വളർന്നു. ലൈഫ് മിഷൻ വഴി വീട്, സ്വന്തമായി ഭൂമി, എല്ലാവർക്കും പട്ടയം, വിദ്യാഭ്യാസം, സ്ത്രീ സുരക്ഷ, സാമൂഹ്യക്ഷേമ പെൻഷൻ, അതി ദാരിദ്ര്യ നിർമാർജനം തുടങ്ങിയ സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതികൾ മാതൃകാപരമാണ്. ലൈഫ് മിഷൻ വഴി നാല് ലക്ഷം വീടുകൾ ഇതിനോടകം നൽകി. മുഴുവൻ മണ്ഡലങ്ങളിലും വിദ്യാലയങ്ങളെല്ലാം ഹൈടെക് ആക്കാൻ സാധിച്ചു.

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ആറ് മാസത്തിനിടെ രാജ്യത്ത് നടന്ന 19,644 പി.എസ്.സി നിയമനത്തിൽ 15,146 നിയമനങ്ങളും കേരളത്തിലാണെന്ന് മന്ത്രി അറിയിച്ചു. സാമൂഹിക രാഷ്ട്രീയ മേഖലകളിൽ സ്ത്രീകളെ ഉയർത്തിക്കൊണ്ടു വരാൻ പദ്ധതികൾ ആവിഷ്‌കരിച്ച സർക്കാർ സ്ത്രീ സുരക്ഷയ്ക്കായി വനിതാ കമ്മീഷന്റെയും വനിതാ പോലീസിന്റെയും സേവനം ശക്തിപ്പെടുത്തി. കോവിഡ് മഹാമാരിയിൽ രാജ്യം വിറങ്ങലിച്ചപ്പോൾ ആരോഗ്യ മേഖലയിൽ മികവുറ്റ പ്രവർത്തനം നടത്താൻ കേരളത്തിന് കഴിഞ്ഞു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ആധുനികവത്കരിച്ച് ആരോഗ്യ മേഖലയിൽ മുന്നേറ്റമുണ്ടായി. താലൂക്ക് ആശുപത്രികളിൽ 100 കോടിയിൽ പരം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. കേരളത്തെ സംരംഭക സൗഹൃദ സംസ്ഥാനമാക്കാനുള്ള നിരന്തര ഇടപെടൽ നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.


ലോകത്തിന്റെ ഹെൽത്ത് ഹബ് സാധ്യതാ സ്ഥലമാണ് പെരിന്തൽമണ്ണ: മന്ത്രി കെ.എൻ ബാലഗോപാൽ

ലോകത്തിന്റെ ഹെൽത്ത് ഹബ് ആയി മാറാൻ ഏറെ സാധ്യതയുള്ള സ്ഥലമാണ് പെരിന്തൽമണ്ണയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. വിദേശ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ആരോഗ്യ മേഖലയിൽ ചെലവ് കുറഞ്ഞ സംസ്ഥാനമാണ് കേരളം. ഇക്കാരണത്താൽ തന്നെ നിരവധി വിദേശികളാണ് ഇവിടെയെത്തുന്നത്. പ്രത്യേകിച്ചും മലപ്പുറം ജില്ലയിലെ ആശുപത്രികളുടെ നഗരമായി അറിയപ്പെടുന്ന പെരിന്തൽമണ്ണയിൽ ഈ മേഖലയിൽ കൂടുതൽ സാധ്യതയുള്ളതായി മന്ത്രി അഭിപ്രായപ്പെട്ടു. സമാധാനപരമായി ജീവിക്കാനും വ്യവസായങ്ങളും സംരംഭങ്ങളും നടത്തുന്നതിനുമുള്ള സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളതെന്ന് വിദേശ രാജ്യങ്ങളിൽ വ്യവസായങ്ങൾ നടത്തുന്നവർ വരെ സമ്മതിക്കുന്ന കാലമാണിത്. ഇവ്വിധം നാട്ടിലെ യുവ ജനങ്ങൾക്ക് നാട്ടിൽ തന്നെ അവസരമൊരുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.