റവന്യൂ വകുപ്പിന് കൈമാറി കിട്ടിയ നിക്ഷിപ്ത വനഭൂമിയിൽ പട്ടയം നൽകും: മുഖ്യമന്ത്രി

post

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ റവന്യൂ വകുപ്പിന് കൈമാറി കിട്ടിയ നിക്ഷിപ്ത വനഭൂമിയിൽ ജനുവരി 31നകം പട്ടയം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഴിക്കടവ് പഞ്ചായത്തിലെ മുണ്ട ഗ്രൗണ്ടിൽ നടന്ന നിലമ്പൂർ മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃക്കൈകുത്ത്, നെല്ലിക്കുഴി, അത്തിക്കൽ ഭാഗങ്ങളിലായി 568 കുടുംബങ്ങൾക്കാണ് പട്ടയം നൽകുക. സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടെന്ന് തെളിയിക്കുന്നതാണ് നവകേരള സദസ്സിൽ എത്തുന്ന ജനക്കൂട്ടമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പി.വി അൻവർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, പി പ്രസാദ്, വീണാ ജോർജ്, നിലമ്പൂർ നഗരസഭ ചെയർമാൻ സലീം മാട്ടമ്മൽ എന്നിവർ സംസാരിച്ചു. മന്ത്രിമാരായ വി.എൻ വാസവൻ, സജി ചെറിയാൻ, കെ.എൻ ബാലഗോപാൽ, കെ രാധാകൃഷ്ണൻ, വി അബ്ദുറഹിമാൻ, കെ രാജൻ, എ.കെ ശശീന്ദ്രൻ, പി രാജീവ്, ജെ പിഞ്ചുറാണി, ആന്റണിരാജു, ഡോ. ആർ ബിന്ദു, പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രൻ, വി ശിവൻകുട്ടി, പി രാജീവ്, ജില്ലാ കളക്ടർ വി.ആർ വിനോദ് എന്നിവർ പങ്കെടുത്തു.


കനത്ത മഴയിലും ജനസാഗരം തീർത്ത് നിലമ്പൂർ മണ്ഡലം നവകേരള സദസ്സ്

കനത്ത മഴയിലും നിലമ്പൂർ മണ്ഡലത്തിലെ നവകേരള സദസ്സിലേക്ക് ഒഴികിയെത്തിയത് പതിനായിരങ്ങൾ. നിലമ്പൂർ ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം ജനപങ്കാളിത്തമാണ് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വരവേൽക്കാൻ വഴിക്കടവിലെ മുണ്ട മൈതാനത്ത് എത്തിച്ചേർന്നത്. ജർമൻ ഹാങറിൽ തീർത്ത പന്തലും ആറോളം അനുബന്ധ പന്തലുകളും വിവിധയിടങ്ങളിൽ സദസ്സ് വീക്ഷിക്കാൻ പത്തോളം എൽ.ഇ.ഡി സ്‌ക്രീനും ലൈവ് സംപ്രേക്ഷണവും ഒരുക്കിയിരുന്നു. ഉച്ചഭക്ഷണവും കൂടിവെള്ളവും സംഘാടക സമിതി ഒരുക്കി നൽകി. നിവേദനം നൽകാൻ തയാറാക്കിയ 30 കൗണ്ടറുകളും വരുന്നവരെ സഹായിക്കാൻ ഹെൽപ്പ് ഡസ്‌ക്ക്, മെഡിക്കൽ ടീം, വളണ്ടിയർ സേവനവും സജ്ജമായിരുന്നു. വിവിധ റിയാലിറ്റി ഷോകളിൽ മികവ് തെളിയിച്ചവരുടെയും ടെലിവിഷൻ സിനിമ താരങ്ങളുടെയും മിമിക്‌സ്, നാടൻപാട്ട്, നൃത്തങ്ങൾ എന്നിവയും നവകേരള സദസ്സിന് നിറം പകർന്നു.