മാനസിക വൈകല്യമുള്ളവരുടെ രക്ഷിതാക്കള്‍ക്ക് ബോധവത്ക്കരണം

post

ഇടുക്കി: സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പും നാഷണല്‍ ട്രസ്റ്റ് ജില്ലാതല സമിതിയും സംയുക്തമായി മാനസിക വൈകല്യമുള്ളവരുടെ രക്ഷിതാക്കള്‍ക്കായി ബ്ലോക്കുതല ബോധവത്ക്കരണ പരിപാടി നടത്തി. തൊടുപുഴ ടൗണ്‍ ഹാളില്‍ നടത്തിയ പരിപാടിയില്‍ നിരാമയ ഇന്‍ഷ്വറന്‍സ് (ഒരു വര്‍ഷം ഒരു ലക്ഷം രൂപാ വരെയുള്ള സൗജന്യ ചികിത്സാ പദ്ധതി), ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ്, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയെ കുറിച്ച്  ക്ലാസ് സംഘടിപ്പിച്ചു. തൊടുപുഴ ബ്ലോക്കിന്റെ പരിധിയിലെ മാനസിക വൈകല്യമുള്ളവരുടെ മാതാപിതാക്കളാണ് പരിപാടിയില്‍ പങ്കെടുത്തത്.

തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രിന്‍സി ജോയി അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ലൂസി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷൈനി ഷാജി, തൊടുപുഴ സി.ഡി.പി.ഒ. സിസിലിയാമ്മ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. ഭിന്നശേഷിയുള്ളവരുടെ അവകാശ നിയമത്തെപ്പറ്റി ചാക്കോച്ചന്‍ അമ്പാട്ടും, ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ആന്‍ഡ് നിരാമയ ഇന്‍ഷ്വറന്‍സിനെപ്പറ്റി എല്‍.എല്‍.സി. ഇടുക്കി കോഓര്‍ഡിനേറ്റര്‍ ജസ്റ്റിന്‍ ജോസും ക്ലാസ്സുകള്‍ നയിച്ചു.