ന്യൂനമർദ്ദം: കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തെക്കൻ ശ്രീലങ്കയ്ക്കും സമീപപ്രദേശത്തുമായി ചക്രവാത ചുഴി രൂപംകൊണ്ടു. നവംബർ 29 മുതൽ ഡിസംബർ 1 വരെ തെക്കു കിഴക്കൻ അറബിക്കടൽ മുതൽ വടക്കൻ മഹാരാഷ്ട്ര വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യാൻ സാധ്യത. ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നവംബർ 30 നും ഡിസംബർ 1 നും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് പ്രവചിച്ചിട്ടുള്ളത്.
തെക്കു ആൻഡമാൻ കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം നവംബർ 30 ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദ്ദം ശക്തിപ്രാപിച്ച് അടുത്ത 48 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.