'കണക്ടിംഗ് കാസർഗോഡ്' പദ്ധതിക്ക് തുടക്കമായി

post

ലക്ഷ്യം ജില്ലയുടെ സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണം

കാസർഗോഡ് ജില്ലയില്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍വത്ക്കരണം നടപ്പിലാക്കുന്നതിനായി ജില്ലാ ഭരണകൂടം ഐ.ടി മിഷനുമായി സഹകരിച്ച് നടപ്പാക്കുന്ന കണക്റ്റിംഗ് കാസര്‍കോട് പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനവും ലോഗോ പ്രകാശനവും കേരളപ്പിറവി ദിനത്തില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍വ്വഹിച്ചു.

ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സേവനങ്ങളും ഡിജിറ്റല്‍വത്ക്കരിച്ച് കടലാസ്രഹിത ഭരണപ്രക്രിയയിലേക്ക് മാറുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പൊതുജനങ്ങള്‍ക്ക് മുഴുവന്‍ രേഖകളും ഡിജിലോക്കറിലേക്ക് മാറ്റി പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കും.

ജില്ലാ കളക്ടറുമായി സംവദിക്കാന്‍ കൂടാതെ ഡി.സി കണക്ട് എന്ന പേരില്‍ ഓണ്‍ലൈന്‍ സംവിധാനവും കൂടി പദ്ധതിയുടെ കീഴില്‍ നിലവില്‍ വന്നു. ഡി.സി കണക്ട് പദ്ധതിയുടെയും ലോഗോ പ്രകാശനം ജില്ലാ കളക്ടര്‍ നിര്‍വഹിച്ചു. പൊതുജനങ്ങളില്‍ സാമ്പത്തിക പരിജ്ഞാനം വളര്‍ത്താനുള്ള ഇ-ധനം പദ്ധതിയുടെ ലോഗോ പ്രകാശനം ജില്ലാ കളക്ടര്‍ ലീഡ് ബാങ്ക് ഓഫീസര്‍ പി.ഹരീഷിന് നല്‍കി നിര്‍വഹിച്ചു.