കായിക വികസനത്തിലേക്ക് വെളിച്ചം വീശി സ്പോർട്സ് സമ്മിറ്റ്

മലപ്പുറം ജില്ലാ സ്പോർട്സ് സമ്മിറ്റ് എം.പി അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. കായിക മത്സരങ്ങൾ മനുഷ്യരെ ഒന്നിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരെയും ഒന്നിപ്പിക്കുന്നതാണ് കായിക മേഖല. മനുഷ്യർക്കിടയിലെ വേർത്തിരിവ് ഇല്ലാതാക്കാൻ കായിക മത്സരങ്ങൾ സഹായകമാവും. ശാരീരിക-മാനസിക ആരോഗ്യത്തിന് സ്പോർട്സ് ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തിന്റെ സമഗ്രകായിക വികസനം ലക്ഷ്യമിട്ട് 2024 ജനുവരിയിൽ നടത്തുന്ന 'ഇന്റർനാഷണൽ സ്‌പോർട്‌സ് സമ്മിറ്റ് കേരള 2024'ന്റെ ഭാഗമായാണ് ജില്ലാ സമ്മിറ്റ് സംഘടിപ്പിച്ചത്. സ്‌പോർട്‌സ് നയം, സ്‌പോർട്‌സ് വ്യവസായം എന്നിവയുടെ അവതരണവും ജില്ലയിൽ നടപ്പാക്കേണ്ട കായിക പദ്ധതികളുടെ പ്രാഥമിക രൂപരേഖ തയാറാക്കലും സംബന്ധിച്ച കൂടിയാലോചനയും സമ്മിറ്റിൽ നടന്നു. തദ്ദേശഭരണ സ്ഥാപന പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ദേശീയ-അന്തർദേശിയ കായിക താരങ്ങൾ, പരിശീലകർ, കായിക സംഘടനാ പ്രതിനിധികൾ, ജനപ്രതിനിധികൾ, വകുപ്പു മേധാവികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ നിർദേശങ്ങൾ പങ്കുവെച്ചു.
തദ്ദേശസ്ഥാപനങ്ങളിൽ വിവിധ പദ്ധതികൾ സമ്മിറ്റിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളെ ഉൾപ്പെടുത്തിയാണ് പദ്ധതികൾ നടപ്പാക്കുന്നത്. എല്ലാ പഞ്ചായത്തുകളിലും ഒരു പദ്ധതിയെങ്കിലും സമ്മിറ്റിന്റെ ഭാഗമായി നടപ്പാക്കും. ഗ്രൗണ്ടുകൾ, ടൂർണമെന്റുകൾ, ഗ്രാമീണ കായിക വിനോദങ്ങളുടെ പ്രോത്സാഹിപ്പിക്കൽ, നീന്തൽ പരിശീലനം, ആയോധനകല പരിശീലനം തുടങ്ങിയവ പഞ്ചായത്തുകൾക്ക് നടപ്പാക്കാം. ടൂറിസം, വ്യവസായം എന്നിവയുമായി ബന്ധപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത് എന്നതിനാൽ ഇത് സാമ്പത്തിക വളർച്ചക്കും കാരണമാകും. സ്വകാര്യ പങ്കാളിത്തവും പദ്ധതി വിഹിതവും എം.പി, എം.എൽ.എ ഫണ്ടുകളും പദ്ധതിക്കായി ഉപയോഗപ്പെടുത്തും.
ജില്ലാ കളക്ടർ വി.ആർ വിനോദ് അധ്യക്ഷത വഹിച്ചു. ഇന്റർനാഷനൽ സ്പോർട്സ് സമ്മിറ്റ് കോഡിനേറ്റർ സെബിൻ പൗലോസ് വിഷയാവതരണം നടത്തി. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി മുഖ്യാതിഥിയായി.
എം.എസ്.പി അസി. കമാൻഡന്റ് ഹബീബ് റഹ്‌മാൻ, സ്പോർട്സ് കേരള ഡയറക്ടർ ആഷിക് കൈനിക്കര, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.പി അനിൽകുമാർ, സ്പോർട്സ് കൗൺസിൽ അംഗങ്ങളായ കെ. മനോഹരകുമാർ, പി. ഹൃഷികേഷ് കുമാർ, സി. സുരേഷ്, കെ. അബ്ദുൽ നാസർ, കെ. വത്സല, സ്പോർട്സ് കൗൺസിൽ സെക്രട്ടറി വി.ആർ അർജുൻ, വിവിധ തദ്ദേശസ്ഥാപന അധ്യക്ഷർ, കായിക സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.