ബദിയടുക്ക മൃഗാശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
കാസർഗോഡ് ബദിയടുക്ക ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച മൃഗാശുപത്രിയുടെ പുതിയ കെട്ടിടം ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലും മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ അനുവദിക്കുമെന്നും അതിനായുള്ള ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ നിലവില്‍ രണ്ട് മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളാണ് ഉള്ളത്. മറ്റു ബ്ലോക്കുകളിലേക്കും ഉടന്‍ വണ്ടികള്‍ ലഭ്യമാകും. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ 24 മണിക്കൂറും കര്‍ഷകരുടെ വീട്ടുപടിക്കല്‍ മൃഗ ചികിത്സാ സംവിധാനങ്ങള്‍ എത്തിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് 1962 എന്ന കേന്ദ്രീകൃത ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാനും അടിയന്തര വൈദ്യസഹായം തേടാനും കഴിയും. ഒരു വെറ്ററിനറി ഡോക്ടര്‍, ഒരു പാരാവെറ്ററിനറി വര്‍ക്കര്‍, ഒരു ഡ്രൈവര്‍ കം അറ്റന്‍ഡര്‍ എന്നിവരുടെ സേവനങ്ങളാണ് മൊബൈല്‍ വെറ്ററിനറി യൂണിറ്റില്‍ ലഭ്യമാവുക. ചടങ്ങില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മികച്ച ക്ഷീരകര്‍ഷകരായ മൊയ്തീന്‍കുട്ടി, താര നാഗരാജ് നായിക്, വെറ്ററിനറി സര്‍ജന്‍ ഇ. ചന്ദ്രബാബു, സി.എം. അബ്ദുള്ളക്കുഞ്ഞി എന്നിവരെ മന്ത്രി ആദരിച്ചു.
യാഥാര്‍ത്ഥ്യമായത് 10 വര്‍ഷത്തെ കാത്തിരിപ്പ്
ബദിയടുക്ക പഞ്ചായത്തിലെ ജനങ്ങളുടെ പത്തുവര്‍ഷത്തെ കാത്തിരിപ്പാണ് പുതിയ വെറ്ററിനറി കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടെ വിരാമമായത്. പഴയ കെട്ടിടത്തിന്റെ ശോചനീയാവസ്ഥയെ തുടര്‍ന്ന് 2014 മുതല്‍ ക്വാര്‍ട്ടേഴ്‌സിലായിരുന്നു ഡിസ്‌പെന്‍സറിയുടെ പ്രവര്‍ത്തനങ്ങള്‍. പൊതുമരാമത്ത് വകുപ്പില്‍ നിന്നും 65,50,000 രൂപ ചിലവിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. ഓപ്പറേഷന്‍ തിയേറ്റര്‍, മൃഗ പരിശോധന വിഭാഗം, ലബോറട്ടറി സേവനം, ഫാര്‍മസി, ഫ്രണ്ട് ഓഫീസ് എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മൃഗാശുപത്രിയ്ക്ക് 3.2 ഏക്കര്‍ സ്ഥലം സ്വന്തമായി ഉണ്ട്. പ്രതിദിനം ശരാശരി 50 ഓളം മൃഗങ്ങള്‍ ആശുപത്രിയില്‍ സേവനം തേടുന്നുണ്ട്. ചികിത്സക്കു പുറമെ വാക്‌സിനേഷന്‍, ബ്രീഡിങ്, എക്സ്റ്റന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ മുതലായ സേവനങ്ങളും മൃഗാശുപത്രിയില്‍ ലഭ്യമാണ്. നാന്നൂറിലധികം കന്നുകാലികളും പതിനായിരത്തില്‍ അധികം വളര്‍ത്തുപക്ഷി മൃഗാദികളും ഉള്ള പഞ്ചായത്താണ് ബദിയടുക്ക.