ഉദുമ ഗ്രാമ പഞ്ചായത്ത്‌ വികസന സദസ് സംഘടിപ്പിച്ചു

post

കാസർഗോഡ് ഉദുമ ഗ്രാമ പഞ്ചായത്ത്‌ വികസന സദസ് സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തുകൾ അധികാരത്തിന്റെ കേന്ദ്രങ്ങളായി മാറിയെന്നും പണം കൊണ്ടും അധികാരം കൊണ്ടും വികസനപ്രവർത്തനങ്ങളിൽ ഓരോ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും അത്യുന്നതിയിലാണെന്നും സി. എച്ച് കുഞ്ഞമ്പു എം.എൽ.എ പറഞ്ഞു.

വിദ്യാഭ്യാസം, ആരോഗ്യം, പൊതു വിതരണം, സാമൂഹ്യനീതി, പശ്ചാത്തല സൗകര്യം എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകികൊണ്ടുള്ള പ്രവർത്തനങ്ങളാണ് സർക്കാർ ഏറ്റെടുത്തു നടത്തുന്നത്.1504. 64 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഉദുമ നിയോജക മണ്ഡലത്തിൽ നടത്തി. അതിൽ 136.18 കോടി രൂപ ഉദുമ പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് അനുവദിച്ചുവെന്നും എം. എൽ. എ പറഞ്ഞു.

അസാധ്യമെന്ന് കരുതിയ വികസന പ്രവർത്തനങ്ങൾ യാഥാർഥ്യമാക്കാൻ ഗവണ്മെന്റിന് സാധിച്ചു. 'വ്യവസായത്തിന്റെ മരുഭൂമിയാണ്' കേരളം എന്ന കാഴ്ചപ്പാട് കാറ്റിൽപ്പറത്തികൊണ്ട് എം.എസ്.എം.ഇ വഴി വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചതായും അദ്ദേഹം പറഞ്ഞു.

വികസന സദസിന്റെ ആമുഖം റിസോഴ്സ് പേഴ്സൺ സുഭാഷ് അവതരിപ്പിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് തയ്യാറാക്കിയ വീഡിയോ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, ജില്ലയുടെ ചുമതലയുള്ള വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ എന്നിവരുടെ സന്ദേശവും പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി വീഡിയോ പ്രദര്‍ശിപ്പിച്ചു. പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളുടെ റിപ്പോർട്ട്‌ സെക്രട്ടറി ആദിത്യൻ എ അവതരിപ്പിച്ചു.

ചടങ്ങിൽ ജൈവ വൈവിധ്യ പരിപാലന കർമ്മ പദ്ധതിയുടെ പുസ്തകം കേരള ജൈവ വൈവിധ്യ ബോർഡ് സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ പ്രകാശനം ചെയ്തു. ജില്ലയിൽ പുസ്തകം പുറത്തിറക്കുന്ന ആദ്യത്തെ പഞ്ചായത്താണ് ഉദുമ.കേരളത്തിലങ്ങോളമിങ്ങോളമുളള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെജൈവ വൈവിധ്യ പരിപാലന സമിതികളിൽ ദേശീയ ശ്രദ്ധ പിടിച്ചു പറ്റുന്ന പ്രവർത്തനങ്ങൾ കാഴ്ച്ച വച്ച പഞ്ചായത്താണ് ഉദുമ എന്ന് അദ്ദേഹം പറഞ്ഞു.

ഹരിത കേരള മിഷന്റെ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള പുരസ്‌കാരം നേടിയ ബി.എം.സി കോർഡിനേറ്റർ മുകുന്ദൻ മാസ്റ്ററെ ആദരിച്ചു. ഉദുമ ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായുള്ള നൂതനാശയങ്ങൾ ലക്ഷ്യമിട്ടുകൊണ്ട് നടത്തിയ ചർച്ചയിൽ നവകേരളം കർമ്മ പദ്ധതി ജില്ലാ കോർഡിനേറ്റർ കെ. ബാലകൃഷ്ണൻ മോഡറേറ്റർ ആയി.