വനിതാ ശാക്തീകരണ പ്രവർത്തനങ്ങളെക്കുറിച്ചു പഠിക്കാൻ മണിപ്പൂർ നിയമസഭാംഗം കേരളത്തിൽ

ദാരിദ്ര്യം തുടച്ചുനീക്കുന്നതിൽ കേരളത്തിന്റെ ശക്തി വനിതകൾ: മണിപ്പുർ എം.എൽ.എ
കേരളത്തിലെ വനിതാ ശാക്തീകരണ പ്രവർത്തനങ്ങളെക്കുറിച്ചു പഠിക്കാൻ എത്തിയ മണിപ്പുരിൽനിന്നുള്ള നിയമസഭാംഗം എം. രാമേശ്വർ സിങ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷുമായി കൂടിക്കാഴ്ച നടത്തി. ദാരിദ്ര്യം തുടച്ചു നീക്കാൻ കേരളത്തെ പ്രാപ്തമാക്കുന്നത് ഇവിടുത്തെ വനിതാ ശാക്തീകരണ പ്രവർത്തനങ്ങളാണെന്നും ഇതു രാജ്യത്തിനു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
വനിതാ സ്വയംസഹായ സംഘങ്ങൾ കേരളത്തിന്റെ സാമൂഹ്യ പുരോഗതിയിൽ വലിയ മുന്നേറ്റമുണ്ടാക്കുന്നുണ്ടെന്ന് മണിപ്പൂർ നിയമസഭാംഗം പറഞ്ഞു. വനിതകളുടെ നേതൃത്വത്തിൽ നടക്കുന്ന കൊച്ചി വാട്ടർ മെട്രോയുടെ പ്രവർത്തനങ്ങളും വനിതാ അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ 20 രൂപയ്ക്കു ഭക്ഷണം നൽകുന്ന കാന്റീനുകളും അദ്ദേഹം സന്ദർശിച്ചിരുന്നു. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും നടക്കുന്ന ഇത്തരം വനിതാ ശാക്തീകരണ പദ്ധതികൾ സ്ത്രീകളുടെ തൊഴില്ലായ്മ പരിഹരിക്കുന്നതിനൊപ്പം അവർക്കു സാമ്പത്തിക ശാക്തീകരണം നൽകുന്നതു കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതു മണിപ്പുരിനും രാജ്യത്തിന്റെ മറ്റു സംസ്ഥാനങ്ങൾക്കും നടപ്പാക്കാൻ കഴിയുന്ന മാതൃകാ പദ്ധതിയാണെന്നും മണിപ്പൂർ നിയമസഭാംഗം വ്യക്തമാക്കി. മണിപ്പുരിലെ കക്ചിങ് നിയമസഭാ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയാണ് രാമേശ്വർ സിങ്.