കേരള നോളജ് ഇക്കോണമി മിഷൻ നടത്തുന്ന ഉന്നതി വിജ്ഞാന തൊഴിൽ പദ്ധതി ഉദ്ഘാടനം ചെയ്തു

* പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് പുതിയകാലഘട്ടത്തിനനുസരിച്ചുള്ള തൊഴിൽ നൽകും: മന്ത്രി
കേരള നോളജ് ഇക്കോണമി മിഷൻ പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്കായി നടത്തുന്ന ഉന്നതി വിജ്ഞാന തൊഴിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. തൊഴിൽ സങ്കൽപങ്ങൾ മാറിവരുന്ന ഇക്കാലത്ത് വർത്തമാനകാലഘട്ടത്തെ അതിജീവിക്കാൻ കഴിയുന്ന തൊഴിലുകളാണ് പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് നൽകേണ്ടതെന്ന് മന്ത്രി പറഞ്ഞു. ഏറ്റവുമധികം പരിഗണന ലഭിക്കേണ്ട അടിസ്ഥാന ജനവിഭാഗത്തെ മുന്നോട്ടുകൊണ്ടുവരാൻ ഉന്നതി തൊഴിൽ പദ്ധതി പ്രയോജനകരമാകും. പട്ടികജാതി- പട്ടികവർഗ സമൂഹത്തിന് തൊഴിൽ ലഭ്യമാക്കുന്ന പദ്ധതി ഉന്നതിയിലേക്കുള്ള ചവിട്ടുപടിയാണ്. പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ ജീവിതം മെച്ചപ്പെടുത്താൻ അവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഈ സർക്കാർ വന്നതിനുശേഷം വിദേശസർവകലാശാലകളിലും ഇന്ത്യയിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കാനുള്ള അവസരം പട്ടികജാതി- പട്ടികവർഗ വിദ്യാർഥികൾക്ക് ലഭ്യമായിട്ടുണ്ട്. പഠനം പൂർത്തിയാക്കി തിരിച്ചെത്തുന്നവർക്ക് ബന്ധപ്പെട്ട തൊഴിൽ നേടുന്നതിനുള്ള അവസരം ഉന്നതിവഴി നൽകാനാകും. തൊഴിൽ നേടുന്നതിനൊപ്പം തൊഴിൽദാതാക്കളായി മാറാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
കേരള നോളജ് ഇക്കോണമി മിഷനും പട്ടികജാതി- പട്ടിക വർഗ്ഗ വികസന വകുപ്പിനു കീഴിലെ ഉന്നതി കേരള എംപവർമെൻറ് സൊസൈറ്റി'യുമായി ചേർന്നാണ് ഉന്നതി തൊഴിൽ പദ്ധതി നടപ്പിലാക്കുന്നത്. തൊഴിൽ തൽപരരായ, 18നും 59നും ഇടയിൽ പ്രായമുള്ള, പ്ലസ്ടുവോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള, പട്ടികജാതി- പട്ടികവർഗ തൊഴിലന്വേഷകരെ കണ്ടെത്തി റസിഡൻഷ്യൽ പരിശീലനത്തിലൂടെയോ ഓൺലൈൻ പരിശീലനത്തിലൂടെയോ തൊഴിൽ ലഭ്യമാക്കുവാനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ് ശ്രീകല അധ്യക്ഷയായി.