തരിശ് നിലങ്ങളില്‍ ഇനി വെളളമെത്തും; ആലത്തൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ ഉദ്ഘാടനം ചെയ്തു

post

വയനാട് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ആലത്തൂര്‍ കാളിക്കൊല്ലി മാനിവയലില്‍ പൂര്‍ത്തീകരിച്ച ആലത്തൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നെല്‍കൃഷി ചെയ്യാന്‍ വെള്ളം ലഭിക്കാത്തതിനാല്‍ ആലത്തൂര്‍ കാളിക്കൊല്ലി മാനിവയല്‍ പ്രദേശത്തെ 75 ഏക്കര്‍ വരുന്ന പാടശേഖരം വര്‍ഷങ്ങളായി കൃഷി ചെയ്യാതെ തരിശായി കിടക്കുകയായിരുന്നു. പദ്ധതി യാഥാര്‍ത്ഥ്യമായതോടെ പ്രദേശവാസികളുടെ നീണ്ട നാളത്തെ കാത്തിരിപ്പിനാണ് വിരാമമായത്. 2022 ഫെബ്രുവരിയില്‍ നിര്‍മ്മാണോദ്ഘാടനം നടത്തിയ പദ്ധതി 5 ഘട്ടങ്ങളിലായിട്ടാണ് പൂര്‍ത്തീകരിച്ചത്.


ആലത്തൂര്‍, കാളിക്കൊല്ലി ഭാഗത്തെ 60 ഹെക്ടറോളം വരുന്ന വയലും കരയുമുള്‍പ്പെടുന്ന കൃഷിയിടത്തെയും കൃഷിയെയും കുടിവെള്ള ലഭ്യതയെയും പതിറ്റാണ്ടുകള്‍ പരിപോഷിപ്പിക്കാനുതകുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 96 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. മാനിവയല്‍ അരയാല്‍ പരിസരത്ത് നടന്ന ചടങ്ങില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.