അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യത; കേരളത്തിൽ മഴ തുടരും

ഒക്ടോബർ 15 ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
തെക്ക് - കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ഒക്ടോബർ 17 ഓടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തുടർന്നുള്ള 48 മണിക്കൂറിൽ ന്യൂനമർദ്ദം വീണ്ടും ശക്തി പ്രാപിക്കാനും സാധ്യത.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഒക്ടോബർ 15 മുതൽ 19 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒക്ടോബർ 15 ന് തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒക്ടോബർ 16 ന് കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.