വായൂജന്യ രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ മാസ്‌ക് ഉപയോഗിക്കുന്ന വിധം

post

രോഗലക്ഷണം ഉള്ളവരും രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങി വന്നവരും ഇത്തരത്തില്‍ ഉള്ളവരെ പരിചരിക്കുന്നവരും മാസ്‌കുകള്‍ ധരിക്കുന്നത് ഉത്തമം. മാസ്‌ക് ധരിക്കുമ്പോള്‍ മൂക്കിനു മുകളിലും താടിക്കു താഴ്ഭാഗത്തിലും എത്തുന്ന തരത്തില്‍, ആദ്യം മുകള്‍ ഭാഗത്തെ കെട്ടും (ചെവിക്കു മുകളില്‍) രണ്ടാമത് താഴ് ഭാഗത്തെ (ചെവിക്കു താഴെ കൂടി കഴുത്തിന് പുറകില്‍) കെട്ടും ഇടുക. മിക്കവാറും മാസ് കുകളില്‍ നിറം ഉള്ള ഭാഗം പുറത്തേക്കും വെളുത്ത നിറത്തിലുള്ള ഭാഗം മുഖത്തോട് ചേര്‍ന്നും ഇരിക്കുന്ന രീതിയിലും ഉള്ളതാകും. ഇത് ശ്രദ്ധിച്ച് വേണം മാസ്‌ക് ധരിക്കാന്‍.

മാസ്‌ക് ധരിച്ച ശേഷം മാസ്‌കിന്റെ മുന്‍വശങ്ങളില്‍ തൊടാന്‍ പാടുള്ളതല്ല. മാസ്‌ക് ധരിച്ച ശേഷം മൂക്കിനു മുകളില്‍ വരുന്ന ഭാഗം ചേര്‍ത്ത് വയ്ക്കണം. നനവ് ഉണ്ടായാലോ, മാസ്‌ക് വൃത്തിഹീനം എന്ന് തോന്നിയാലോ ഉടന്‍ തന്നെ മാറ്റാന്‍ ശ്രദ്ധിക്കണം. ഒരു കാരണവശാലും കെട്ടിയിരിക്കുന്ന മാസ്‌ക് കഴുത്തിലേക്ക് താഴ്ത്തുകയോ മൂക്കിനു താഴെ വച്ച് കെട്ടുകയോ ചെയ്യരുത്. മാസ്‌ക് ധരിച്ചു തുടങ്ങുന്നതിനു മുന്‍പ് തന്നെ മാസ്‌കിനു കേടുപാടുകള്‍ ഒന്നും തന്നെ ഇല്ല എന്ന് ഉറപ്പ് വരുത്തണം.

മാസ്‌ക് അഴിച്ചു മാറ്റുമ്പോള്‍ ആദ്യം താഴ് ഭാഗത്തെ കെട്ടും പിന്നീട് മുകള്‍ ഭാഗത്തെ കെട്ടും അഴിച്ച ശേഷം മാസ്‌കിന്റെ മുന്‍വശത്ത് സ്പര്‍ശിക്കാതെയും നമ്മുടെ ശരീരത്തില്‍ സ്പര്‍ശിക്കാതെയും സൂക്ഷിക്കുക. ഉപയോഗിച്ച മാസ്‌കുകള്‍ അലക്ഷ്യമായി വലിച്ചെറിയാതെ കത്തിച്ചു കളയുകയോ ബ്ലീച്ചിംഗ് ലായനിയില്‍ ഇട്ട് അണുവിമുക്തമാക്കി കുഴിച്ചു മൂടുകയോ ചെയ്യുക. മാസ്‌ക് ധരിക്കുന്നതിനു മുന്‍പും, മാസ്‌ക് അഴിച്ചു മാറ്റിയ ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക.