സ്‌കൂളുകളില്‍ ഇനി വിഷരഹിത പച്ചക്കറി മാത്രം; പദ്ധതിയുമായി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്

വിഷരഹിത പച്ചക്കറി ഉത്പാദനത്തിനും ഉപയോഗത്തിനും സ്‌കൂളുകളെ സ്വയം പര്യാപ്തമാക്കാനുള്ള പദ്ധതിയുമായി ആലപ്പുഴ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്. പട്ടണക്കാട് ബ്ലോക്ക് പരിധിയിലെ 26 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
കിലയുടെയും എം.കെ.എസ്.പിയുടെയും നേതൃത്വത്തിലാണ് സ്‌കൂളുകളില്‍ വിഷരഹിത പച്ചക്കറി കൃഷി ചെയ്യുന്നത്. നൂതനമായ കാര്‍ഷിക സാങ്കേതിക വിദ്യകള്‍, പച്ചക്കറി തൈകളുടെ ഉത്പാദനം, നടീല്‍, പരിപാലനം, ചെടിച്ചട്ടികളില്‍ നിറയ്ക്കാന്‍ ആവശ്യമായ ജീവാണു വളത്തിന്റെ നിര്‍മാണം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ കിലയും എം.കെ.എസ്.പിയും ചേര്‍ന്ന് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പരിശീലനവും നല്‍കും. ആദ്യഘട്ടമായി ഓരോ സ്‌കൂളിലേക്കും 25 വീതം ചെടിച്ചട്ടികളും വിതരണം ചെയ്തു.
പദ്ധതിയുടെ ഉദ്ഘാടനം കോടംതുരുത്ത് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ ദലീമ ജോജോ എം.എല്‍.എ നിര്‍വഹിച്ചു. ചടങ്ങില്‍ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി അധ്യക്ഷത വഹിച്ചു.