വയോസേവന അവാർഡ്: നടൻ മധുവിനും കർഷകൻ ചെറുവയൽ കെ. രാമനും പുരസ്‌കാരം

സാമൂഹ്യനീതി വകുപ്പിന്റെ ഈ വർഷത്തെ വയോസേവന അവാർഡുകൾ പ്രഖ്യാപിച്ചു. നടൻ പത്മശ്രീ മധുവിനും കർഷകൻ പത്മശ്രീ ചെറുവയൽ കെ. രാമനും ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌കാരം നൽകും. മഹാനടന് സാമൂഹ്യനീതി വകുപ്പിന്റെ നവതി സമ്മാനമാണ് പുരസ്‌കാരമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഒരു ലക്ഷം രൂപ വീതമാണ് ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌കാരത്തുക.
കല-സാഹിത്യം എന്നീ മേഖലയിൽ ശില്പി വത്സൻ കൊല്ലേരി, ഗായിക മച്ചാട്ട് വാസന്തി എന്നിവരെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തു. കായിക മേഖലയിലെ മികവിന് ഡോ. പി.സി ഏലിയാമ്മ പാലക്കാട്, ജി. രവീന്ദ്രൻ കണ്ണൂർ എന്നിവർക്ക് പുരസ്‌കാരം നൽകും. 25,000 രൂപവീതമാണ് പുരസ്‌കാരങ്ങൾ.
മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം കോഴിക്കോട് ജില്ല നേടി. മികച്ച കോർപ്പറേഷനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം കോഴിക്കോട് കോർപ്പറേഷനാണ്.
മികച്ച മുനിസിപ്പാലിറ്റിയായി നിലമ്പൂരിനെ തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയാണ് പുരസ്‌കാരം. മികച്ച ബ്ലോക്ക് പഞ്ചായത്ത്- ഒല്ലൂക്കര (ഒരു ലക്ഷം രൂപ) എലിക്കുളം, അന്നമനട എന്നിവയെ മികച്ച പഞ്ചായത്തുകളായും (അര ലക്ഷം രൂപ വീതം) തിരഞ്ഞെടുത്തു.
മികച്ച എൻജിഒക്കുള്ള പുരസ്‌കാരം ഇടുക്കി ജില്ലയിലെ വൊസാർഡും (Voluntary organization for social action and rural development), മെയിന്റനൻസ് ട്രിബ്യൂണലിനുള്ള പുരസ്‌കാരം ഫോർട്ട് കൊച്ചിയും നേടി. അര ലക്ഷം രൂപ വീതമാണ് പുരസ്‌കാരങ്ങൾ.
വയോജനമേഖലയിൽ ശ്ലാഘനീയമായി സേവനം കാഴ്ചവെച്ചിട്ടുള്ള മുതിർന്ന പൗരൻമാർ, വിവിധ സർക്കാർ- സർക്കാരിതര വിഭാഗങ്ങൾ, കലാകായിക സാംസ്‌കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരന്മാർ എന്നിവർക്കാണ് സാമൂഹ്യനീതി വകുപ്പ് വയോസേവന അവാർഡുകൾ നൽകുന്നത്.
ഈ വർഷം 10 വിഭാഗങ്ങളിലാണ് പുരസ്‌കാരം നൽകുന്നത്. ക്യാഷ് അവാർഡ് സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരമെന്നും മന്ത്രി അറിയിച്ചു.