കേരളീയം നവംബർ 1 മുതൽ; മലയാളത്തിന്റെ മഹോത്സവമെന്നു മുഖ്യമന്ത്രി

post

*കേരളീയത്തിന് തുടർ പതിപ്പുകളുണ്ടാകണം

കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ ഒരാഴ്ച കേരളീയം എന്ന പേരിൽ മലയാളത്തിന്റെ മഹോത്സവം സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ആർജിച്ച സമസ്ത നേട്ടങ്ങളും സാംസ്‌കാരികത്തനിമയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് കേരളീയം പരിപാടിയുടെ ലക്ഷ്യം. തിരുവനന്തപുരം നഗരത്തിൽ കവടിയാർ മുതൽ കിഴക്കേകോട്ട വരെ കേരളീയവുമായി ബന്ധപ്പെട്ട വ്യത്യസ്തങ്ങളായ പരിപാടികൾ അരങ്ങേറുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ലോകത്തെ പ്രഗത്ഭരും പ്രമുഖരുമായ ചിന്തകരെയും വിദഗ്ധരെയും ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലുള്ള സെമിനാറുകളാണ് കേരളീയത്തിന്റെ പ്രധാന അജണ്ട. വിവിധ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ അവതരിപ്പിക്കുന്നതോടൊപ്പം, ഭാവി കേരളത്തിനുള്ള മാർഗരേഖ തയാറാക്കാനുമുള്ള ലക്ഷ്യത്തോടെയാണു സെമിനാറുകൾ സംഘടിപ്പിക്കുന്നത്. 25 അന്താരാഷ്ട്ര സെമിനാറുകളാണ് അഞ്ചു ദിനങ്ങളിലായി നടത്തുന്നത്. ഇതോടൊപ്പം, കേരളത്തിന്റെ നേട്ടങ്ങൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവതരിപ്പിക്കുന്ന എക്സിബിഷനുകൾ ഉണ്ടാകും. പത്തോളം പ്രദർശനങ്ങൾ വിവിധ വേദികളിലായി നടത്തും. തലസ്ഥാന നഗരമാകെ ഒരു പ്രദർശനവേദിയാകുന്ന പ്രതീതിയാണ് സൃഷ്ടിക്കുക.

കലാ, സാംസ്‌കാരിക പരിപാടികൾ, ട്രേഡ് ഫെയറുകൾ, ഫ്ളവർ ഷോ തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിന്റെ വൈവിധ്യമാർന്ന ഭക്ഷ്യ സംസ്‌കാരം അവതരിപ്പിക്കുന്ന ഭക്ഷ്യമേളയും ഒരുക്കും. തിരുവനന്തപുരം നഗരത്തെ ദീപാലംകൃതമാക്കിയും ചരിത്രസ്മാരകങ്ങളെ അലങ്കരിച്ചും വർണക്കാഴ്ച ഒരുക്കും. കേരള നിയമസഭാ മന്ദിരത്തിൽ കഴിഞ്ഞ തവണ വിജയകരമായി നടത്തിയ പുസ്തകോത്സവം ഇത്തവണ കേരളീയത്തിൻറെ ഭാഗമായാകും സംഘടിപ്പിക്കുന്നത്. നിയമസഭാ മന്ദിരം തന്നെയാണു വേദി.

കേരളത്തിനു പുറത്തു താമസിക്കുന്ന മലയാളികൾ കേരളീയത്തിന്റെ ഭാഗമാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ എത്തിച്ചേരുന്ന ബൃഹത്തായ സംഗമമായി ഇതിനെ മാറ്റണമെന്നാണു കാണുന്നത്. ടൂറിസത്തിനും ഇത് വലിയ തോതിൽ ഗുണം ചെയ്യും. കേരളീയത്തിനു തുടർപതിപ്പുകൾ ഉണ്ടാകണമെന്നാണു സർക്കാർ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.