അമൃത് 2.0 എസ്.എൻ.എ ഡാഷ്ബോർഡ് പുറത്തിറക്കി

post

കേരളത്തിൽ രണ്ടാംഘട്ട അമൃത് പദ്ധതികളുടെ അവലോകനത്തിനും സാമ്പത്തിക മാനേജ്‌മെന്റിനുമായി തയാറാക്കിയ അമൃത് 2.0 സിംഗിൾ നോഡൽ ഏജൻസി (എസ്.എൻ.എ) ഡാഷ്ബോർഡ് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ് പുറത്തിറക്കി. തദ്ദേശസ്വയംഭരണ വകുപ്പ് ഇന്ത്യൻ ബാങ്കുമായി ചേർന്നാണ് ഡാഷ്ബോർഡ് തയാറാക്കിയിട്ടുള്ളത്. കേരളമാണ് ഇത്തരത്തിൽ അമൃത് എസ്.എൻ.എ ഡാഷ്‌ബോർഡ് തയാറാക്കുന്ന ആദ്യത്തെ സംസ്ഥാനം. അമൃത് പദ്ധതിക്കായി ആദ്യമായി ഡാഷ് ബോർഡ് തയാറാക്കിയ സംസ്ഥാനം എന്ന നിലയിൽ കേരളത്തിന് അഭിമാനമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

എസ്.എൻ.എ ഡാഷ്ബോർഡ് പദ്ധതി പ്രവർത്തനങ്ങളെ മികച്ച രീതിയിൽ വിലയിരുത്താനും സാമ്പത്തിക വിനിയോഗം വേഗത്തിലും സുതാര്യമായി നടത്താനും സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇത് പദ്ധതി നടത്തിപ്പിനെ മൊത്തത്തിൽ ത്വരിതപ്പെടുത്തും. സാങ്കേതിക വിദ്യ മികച്ച ഭരണം നടത്താൻ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിന് ഉത്തമ ഉദാഹരണമാണ് ഡാഷ്ബോർഡ് എന്ന് മന്ത്രി പറഞ്ഞു. അമൃത് രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 93 നഗരസഭകളിൽ ജല ഭദ്രത ഉറപ്പുവരുത്തലാണ് ലക്ഷ്യം.