കുടുംബശ്രീ ബഡ്‌സ് ട്രസ്റ്റ് ഷോപ്പ് ഉദ്ഘാടനം ചെയ്തു

മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ മക്കരപ്പറമ്പ് കുടുംബശ്രീ ബഡ്‌സ് റീഹാബിറ്റേഷൻ സെൻററിന്റെ ട്രസ്റ്റ് ഷോപ്പ് മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. അബ്ദുൾ കരീം ഉദഘാടനം ചെയ്തു. ബഡ്‌സ് സ്‌കൂൾ/ബി.ആർ.സി കളിലെ വിദ്യാർഥികൾ നിർമിക്കുന്ന ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്നതിനുള്ള സംവിധാനമാണ് ബഡ്‌സ് ട്രസ്റ്റ് ഷോപ്പ്. വിൽപ്പനക്കാരില്ലാതെ പൊതുഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള വിൽപ്പന കേന്ദ്രമാണിത്.
ജില്ലയിലെ പത്താമത് കുടുംബശ്രീ ബഡ്‌സ് ട്രസ്റ്റ് ഷോപ്പാണ് മക്കരപ്പറമ്പിൽ ഉദ്ഘാടനം ചെയ്തത്. ഹാൻഡ് വാഷ്, ഡിഷ് വാഷ്, ഫിനോയിൽ, ടോയ്‌ലറ്റ് ക്ലീനർ, ഫ്‌ലോർ ക്ലീനർ, ചന്ദനത്തിരി, ലിക്വിഡ് ഡിറ്റർജൻറ്, സ്റ്റിഫ് ആൻഡ് ഷൈൻ, ചവിട്ടി, വിവിധ കരകൗശല വസ്തുക്കൾ തുടങ്ങിയവയാണ് കുടുംബശ്രീ ബഡ്‌സ് ട്രസ്റ്റ് ഷോപ്പിൽ ഉണ്ടാവുക. ഇവയുടെ വിലനിലവാരം അതിനോടൊപ്പം ചേർക്കുകയും അതിന്റെ തുകയോ അതിൽ കൂടുതലോ ട്രസ്റ്റ് ഷോപ്പിൽ നിക്ഷേപിക്കാവുന്നതാണ്. ബഡ്‌സ് വിദ്യാർഥികളുടെ രക്ഷിതാക്കളുടെ സഹകരണത്തോടെ നിർമിക്കുന്ന ഇത്തരം ഉത്പന്നങ്ങളുടെ വിപണനത്തിലൂടെ ബഡ്‌സ് വിദ്യാർഥികളുടെ സാമ്പത്തിക ഉന്നമനം സാമൂഹികവളർച്ച എന്നിവ കൂടാതെ അവരുടെ രക്ഷിതാക്കൾക്കുള്ള സാമ്പത്തിക പിന്തുണ കൂടിയാണ് പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്.
കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജാഫർ കെ കക്കൂത്ത് മുഖ്യാതിഥിയായി. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുബ്‌റാബി കാവുങ്ങൽ അധ്യക്ഷത വഹിച്ചു.