സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വടക്കഞ്ചേരിയില്‍ സ്നേഹിതാ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക്

post

ശനിയാഴ്ചകളില്‍ സ്നേഹിത കൗണ്‍സിലര്‍മാരുടെ സേവനം

ഒറ്റപ്പെട്ടവരും നിരാലംബരും പ്രശ്നങ്ങള്‍ നേരിടുന്നതുമായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിന്തുണയും സഹായവും താത്ക്കാലിക അഭയവും നല്‍കുന്നതിനായി കുടുംബശ്രീയുടെ സ്നേഹിതാ ജന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിന്റെ രണ്ടാമത് എക്സ്റ്റന്‍ഷന്‍ സെന്റര്‍ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. വടക്കഞ്ചേരി ശിശു സൗഹൃദ പോലീസ് സ്റ്റേഷനിലാണ് എക്സ്റ്റന്‍ഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം.

എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ രണ്ട് സ്നേഹിത കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാകും. ഗാര്‍ഹിക പ്രശ്നങ്ങള്‍, ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകള്‍, കൗമാരക്കാരുടെ പ്രശ്നങ്ങള്‍, കുട്ടികള്‍ വീടുവിട്ടിറങ്ങുന്നത് മുതല്‍ പ്രണയ പരാജയം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍, മൊബൈല്‍ ഫോണ്‍ ഇന്റര്‍നെറ്റ് ദുരുപയോഗം തുടങ്ങിയ സാഹചര്യങ്ങളില്‍ ഹെല്‍പ് ഡെസ്‌ക് മുഖേന പരിഹാരം കണ്ടെത്തും. മാനസിക സേവനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനും ഇതിലൂടെ മാനസികാരോഗ്യമുള്ള ജനതയെ സൃഷ്ടിക്കാനും സ്നേഹിത സഹായകമാകും.

പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ കൗണ്‍സലിങ് നല്‍കേണ്ടവരുടെ വിവരങ്ങള്‍ സ്റ്റേഷനില്‍ നിന്ന് സ്നേഹിതയിലേക്ക് കൈമാറും. തുടര്‍ന്നാണ് ഇവര്‍ക്ക് കൗണ്‍സലിങ് നല്‍കുന്നത്. ഹെല്‍പ് ഡെസ്‌കിലൂടെ ഇതുവരെ അഞ്ച് കേസുകളില്‍ കൗണ്‍സലിങ് ആരംഭിച്ചു. സേവനം ആവശ്യമുള്ളവര്‍ക്ക് 9605483474 ലൂടെ നേരിട്ടും ബന്ധപ്പെട്ടാന്‍ കഴിയും. എക്സ്റ്റന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനം വടക്കഞ്ചേരി പോലീസ് സ്റ്റേഷനില്‍ പി.പി സുമോദ് എം.എല്‍.എ നിര്‍വഹിച്ചു.