സെപ്തംബർ 5 മുതൽ കെ.എസ്.ആർ.ടി.സിയ്ക്ക് പുതിയ ഓൺലൈൻ ബുക്കിംഗ് സംവിധാനം

കെഎസ്ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനം സെപ്തംബർ 5 മുതൽ പുതിയ പ്ലാറ്റ്ഫോമിലേക്ക്. www.onlineksrtcswift.com എന്ന വെബ്സൈറ്റും, Ente KSRTC Neo OPRS എന്ന മൊബൈൽ ആപ്ലിക്കേഷനിലുമാണ് റിസർവ്വേഷൻ സൗകര്യമുള്ളത്. KSRTC യുടെ ഓൺലൈൻ റിസർവേഷൻ സംവിധാനം കൈകാര്യം ചെയ്തിരുന്ന അഭിബസുമായുള്ള (Abhibus)- കരാർ 2023 സെപ്റ്റംബർ 30 - ഓടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്ലാറ്റ്ഫോമിലേക്ക് മാറുന്നത്.
Ente KSRTC Neo OPRS മൊബൈൽ ആപ്ലിക്കേഷൻ Play സ്റ്റോറിലും App സ്റ്റോറിലും ലഭ്യമാണ്. നിരവധി നൂതന ഫീച്ചറുകളുമായാണ് പുതിയ സംവിധാനം ഒരുക്കിയിട്ടുള്ളത്. ബസ് സർവീസ് ആരംഭിച്ചാൽ പോലും പിന്നീട് വരുന്ന സ്ഥലങ്ങളിൽ നിന്നും ലഭ്യമായ സീറ്റുകളിൽ ബുക്കിങ് സാധ്യമാകും. ഏതാനും സർവീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ലൈവ് ടിക്കറ്റിങ് സൗകര്യം തയ്യാറാക്കിയിട്ടുണ്ട്. SMS ഡെലിവറി സിസ്റ്റത്തിന് പുറമെ വാട്ട്സാപ്പ് മുഖേനയും ബുക്കിങ് സംബന്ധമായ എല്ല്ലാ സന്ദേശങ്ങളും ലഭ്യമാകുന്നതാണ്. ഓട്ടോമാറ്റിക് റീഫണ്ട് പോളിസി ആയതിനാൽ തന്നെ റീഫണ്ട് ലഭിക്കുന്നതിനുള്ള കാല താമസം ഒഴിവാകുന്നു. കൂടാതെ റീഫണ്ട് സ്റ്റാറ്റസ് യാത്രക്കാർക്ക് അറിയാനും സാധിക്കും.
പുതിയ സർവീസ് പ്രൊവൈഡറുടെ പ്രവർത്തനക്ഷമത നിരീക്ഷിക്കുന്നതിനായി 2023 മെയ് മാസം മുതൽ ഓഗസ്റ്റ് 31 വരെ അഞ്ച് മാസക്കാലം കെ. എസ്. ആർ. ടി. സി സ്വിഫ്റ്റ് സർവീസുകൾ മാത്രം പുതിയ പ്ലാറ്റ്ഫോമിൽ പരീക്ഷണമായി ബുക്കിംഗ് സംവിധാനം ഒരുക്കിയിരുന്നു. അത് വിജയമായതിനെ തുടർന്നാണ് സെപ്റ്റംബർ 5 മുതൽ KSRTC-യുടെയും, കെഎസ്ആർടിസി സ്വിഫ്റ്റിന്റേയും എല്ലാ സർവീസുകളേയും ഉൾപ്പെടുത്തി പ്ലാറ്റ്ഫോമിന്റെ പ്രവർത്തനം പരീക്ഷണാർത്ഥം ആരംഭിക്കുന്നത്.
അതേസമയം, കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സർവീസുകളുടെ കളക്ഷൻ ശേഖരിക്കുന്ന ഒരു സംവിധാനവും നിലവിൽ ഇല്ലെന്നും സ്വിഫ്റ്റ് സർവ്വീസുകളുടെ വരുമാനവും കെഎസ്ആർടിസിയുടെ അക്കൗണ്ടിലാണ് എത്തുന്നതെന്നും മാനേജ്മെന്റ് അറിയിച്ചു. റിസർവേഷനിലൂടെ വരുന്ന വരുമാനവും കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ മാത്രമാണ് ലഭിക്കുക. വരുമാനം മറ്റു കമ്പനികളിലേക്ക് പോകുന്നെന്ന തരത്തിലുള്ള വാർത്തകൾ ജീവനക്കാർക്കിടയിലും, യാത്രക്കാർക്കിടയിലും തെറ്റിദ്ധാരണയ്ക്കിട വരുത്തുമെന്നും അത്തരം വാർത്തകൾ ചെയ്യുന്നതിൽ നിന്നും മാധ്യമങ്ങൾ പിൻവാങ്ങണമെന്നും മാനേജ്മെന്റ് അഭ്യർത്ഥിച്ചു.