ടൂറിസം വാരാഘോഷം; വടംവലി മത്സരത്തിൽ സെവൻസ് കോട്ടക്കൽ ജേതാക്കൾ
 
                                                ഓണം വാരാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും 'എന്റെ താനൂരും' സംയുക്തമായി സംഘടിപ്പിച്ച അഖില കേരള വടംവലി മത്സരത്തിൽ സെവൻസ് കോട്ടക്കൽ ജേതാക്കൾ. അലയൻസ് എളമക്കരയാണ് റണ്ണറപ്പ്. ഉണ്യാൽ ഫിഷറീസ് സ്റ്റേഡിയത്തിൽ നടന്ന മത്സരം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. നിറമരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ പുതുശ്ശേരി അധ്യക്ഷത വഹിച്ചു.
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മികച്ച കായിക പരിശീലനം ലഭ്യമാക്കുന്നതിന് മേഖലയിലെ സ്റ്റേഡിയങ്ങൾ സഹായകരമാകുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. താനൂർ ഫിഷറീസ് ഹയർ സെക്കൻഡറി സ്‌കൂളിനെ കായിക പരിശീലന കേന്ദ്രമായി കായിക വകുപ്പ് തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായ പരിശീലന പരിപാടികൾ ഉണ്യാലിലും നടത്തും. തീരദേശ മേഖലയിൽ നിന്നും മികച്ച കായിക താരങ്ങളെ വാർത്തെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. മത്സര രംഗത്തേക്ക് മേഖലയിലെ കുട്ടികളെ പ്രാപ്തരാക്കുന്നതോടൊപ്പം സ്റ്റേഡിയത്തിനെ കൂടുതൽ ജനകീയമാക്കുന്നതിനായി കായിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 15 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. 600 കിലോ വിഭാഗത്തിൽ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിന് 10,000 രൂപയും ട്രോഫിയും തുടർന്നുള്ള മൂന്ന് സ്ഥാനങ്ങൾ നേടിയ ടീമുകൾക്ക് യഥാക്രമം 7000, 5000, 4000 രൂപ വീതവും ട്രോഫിയും നൽകി. കൂടാതെ അഞ്ച് മുതൽ എട്ട് വരെ സ്ഥാനങ്ങൾ കരസ്ഥമാക്കിയ ടീമുകൾക്ക് 2000 രൂപ വീതം ക്യാഷ് അവാർഡുമാണ് നൽകിയത്.










