ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ വിദ്യാർത്ഥികൾക്ക് പരീക്ഷക്ക് അധികസമയം അനുവദിക്കും

ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ കലാലയ വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ മണിക്കൂറിന് ഇരുപതു മിനിട്ടു വീതം അധികസമയം അനുവദിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സർവ്വകലാശാലകളും പ്രൊഫഷണൽ കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ എല്ലാ വിദ്യാർഥികൾക്കും ഈ സമയം ലഭിക്കും. സർക്കാർ ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ആനുകൂല്യം നൽകുകയെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
അർഹരായവർക്ക് ആനുകൂല്യം ലഭിക്കാൻ വേണ്ട നടപടികൾ സ്ഥാപന മേധാവികൾ സ്വീകരിക്കും. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ, ഐ.എച്ച്.ആർ.ഡി ഡയറക്ടർ എന്നിവർക്ക് ഇതിനുള്ള നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞു.