സ്വാതന്ത്ര്യ ദിനാഘോഷം: ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ മന്ത്രി പി. പ്രസാദ് ദേശീയ പതാക ഉയര്‍ത്തി

post

77-ാമത് സ്വാതന്ത്ര്യദിനത്തില്‍ ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ദേശീയ പതാക ഉയര്‍ത്തി. ജനാധിപത്യം ജനങ്ങളുടെ ഇച്ഛയെ പ്രതിഫലിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ ഇച്ഛയെ പ്രതിഫലിപ്പിക്കുക എന്നതില്‍ ഭരണകൂടത്തിനും ഉത്തരവാദിത്വമുണ്ട്. സ്വാതന്ത്ര്യം എല്ലാ അര്‍ത്ഥത്തിലും ജനങ്ങള്‍ക്ക് ആസ്വദിക്കാനാകണം. എന്നാല്‍ ഇതിനെല്ലാം വിരുദ്ധമായ ചില കാഴ്ചകള്‍ കണ്‍മുന്നില്‍ സംഭവിക്കുന്നു. വിവസ്ത്രയാക്കപ്പെട്ട സഹോദരിമാരുടെ കണ്ണുനീരുമായി മണിപ്പുര്‍ ഈ സ്വാതന്ത്ര്യ ദിനത്തിലും നമ്മുടെ കണ്‍മുന്നിലുണ്ട്. എവിടെയാണ് പിഴയ്ക്കുന്നത് എന്നത് ഓര്‍ത്തിരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യം എന്നത് ജനതയ്ക്കുവേണ്ടിയാണ്. മതനിരപേക്ഷത എല്ലാത്തിനെക്കാളും ഉയര്‍ന്നു നില്‍ക്കണം. ജനാധിപത്യവും മതനിരപേക്ഷതയും ഫെഡറലിസവും മാനവികതയുമെല്ലാം ഉയര്‍ന്നു നില്‍ക്കുകമ്പോള്‍ മനുഷ്യന്‍ പ്രധാന്യം ലഭിക്കും. സ്വാതന്ത്ര്യം ധൂര്‍ത്തടിക്കാനുള്ളതല്ല. അതൊരു ഉത്തരവാദിത്തമായി കാത്തുസൂക്ഷിക്കേണ്ടതുണ്ട്. വര്‍ഗം, ജാതി, മതം, ദേശം, വര്‍ണം, ലിംഗം, ഭാഷ ഇങ്ങനെയൊന്നിന്റെയും പേരില്‍ വിവേചനം ഉണ്ടായിക്കൂടാ. എല്ലാവരും മനുഷ്യരാണ് എന്ന ചിന്തയാണ് സമുന്നതം. അതാണ് ഇന്ത്യന്‍ ജനാധിപത്യത്തെ മഹനീയമാക്കുന്നതും.


സ്വാതന്ത്ര്യം നമ്മുടെ മണ്ണിനും പ്രകൃതിക്കും വേണ്ടിയുള്ളതാണ്. ഇവിടെ ഓരോ മനുഷ്യന്റെയും ഉള്ളില്‍ തിളച്ചു മറിയുന്നത് ഇന്ത്യയെന്ന വികാരമാണ്. സ്വാത്ര്യത്തിനായി രക്തസാക്ഷിത്തം വരിച്ചവരെ മറക്കാനാവില്ല. അതാണ് സ്വതന്ത്ര്യ സമരത്തില്‍ ഏറ്റവും കനപ്പെട്ടതും വിലപ്പെട്ടതും. ജാലിയന്‍വാലാബാഗ് മുതല്‍ പുന്നപ്ര-വയലാര്‍ വരെയുള്ള സമരചരിത്രങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്. നമ്മളോടൊപ്പം കോളനി ഭരണത്തോട് വിടപറഞ്ഞ രാജ്യങ്ങള്‍ക്ക് ഇന്ത്യയെപ്പോലെ ശക്തമായ ജനാധിപത്യം കാഴ്ചവയ്ക്കാനായിട്ടില്ല. പല രാജ്യങ്ങളും പട്ടാളഭരണത്തിന് അടിമെപ്പട്ടപ്പോള്‍ ജനാധിപത്യത്തിന്റെ മനോഹാരിത നിലനിര്‍ത്താന്‍ മനുക്കായി. ഈ സ്വാതന്ത്ര്യം നിലനിര്‍ത്താനുള്ള ബാധ്യത ഓരോ പൗരന്റേതുമാണെന്നും മന്ത്രി പറഞ്ഞു.

വേദിയിലെത്തിയ മുഖ്യാതിഥിയായ മന്ത്രിയെ ജില്ല കളക്ടര്‍ ഹരിത വി. കുമാറും ജില്ല പോലിസ് മേധാവി ചൈത്ര തെരേസ ജോണും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് പതാക ഉയര്‍ത്തിയ ശേഷം മന്ത്രി പരേഡ് പരിശോധിച്ചു.

എ.എം. ആരിഫ് എം.പി, എം.എല്‍.എമാരായ എച്ച്. സലാം, പി.പി ചിത്തരഞ്ജന്‍ തുടങ്ങിയവരും ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. 15 പ്ലറ്റൂണുകളും 3 ബാന്റ് സംഘങ്ങളും ഉള്‍പ്പടെ 18 പ്ലറ്റൂണുകളാണ് അണിനിരന്നത്. വിവിധ വിഭാഗങ്ങളിലെ ജേതാക്കള്‍ക്കുള്ള സമ്മാന ദാനവും മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു. പൂച്ചാക്കല്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം. അജയമോഹനായിരുന്നു പരേഡ് കമാ‌ൻ‌ഡര്‍.

ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ആലപ്പുഴ റിക്രിയേഷന്‍ മൈതാനത്ത് നടന്ന ജില്ലാതല ആഘോഷച്ചടങ്ങുകള്‍ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. പരിപാടികള്‍ക്ക് സാക്ഷ്യം വഹിക്കനായി ആയിരങ്ങളാണ് തടിച്ചു കൂടിയത്. കുട്ടികളും വയോധികരും ഉള്‍പ്പടെയാണ് കത്തുന്ന വെയിലത്തും എത്തിയത്.

ദേശീയ പതാക വീശിയും ഹര്‍ഷാരവം മുഴക്കിയും ജനക്കൂട്ടം മാര്‍ച്ച് പാസ്റ്റിന് പിന്തുണയറിച്ചു. കബ്‌സ്, ബുള്‍ ബുള്‍ പ്ലറ്റൂണുകളില്‍ അണിനരന്ന കൊച്ചുകുട്ടികള്‍ക്കും ബാന്‍ഡ് സംഘങ്ങള്‍ക്കും നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്. പരേഡിലെ പോലീസ് പ്ലറ്റൂണിനുള്ള പുരസ്‌കാരം മണ്ണഞ്ചേരി എസ്.ഐ. കെ.ആര്‍. ബിജു നയിച്ച ലോക്കല്‍ പോലീസ് പ്ലറ്റൂണ്‍ നേടി.

എന്‍.സി.സി വിഭാഗത്തില്‍ നന്ദു നടരാജന്റെ നേതൃത്വത്തിലുള്ള എസ്.ഡി. കോളേജ് സീനിയര്‍ ബോയിസ് പ്ലാറ്റൂണും എന്‍.സി.സി ജൂനിയര്‍ വിഭാഗത്തില്‍ ആന്‍സണ്‍ സോണി നയിച്ച ലിയോ തേര്‍ട്ടീന്‍ത് എച്ച്.എസ്.എസ്. ജൂനിയര്‍ ബോയിസ് പ്ലാറ്റൂണും ഒന്നാം സ്ഥാനം നേടി. എസ്.പി.സി. വിഭാഗത്തില്‍ കെ. കൃഷ്‌ണേന്ദു നയിച്ച പുന്നപ്ര ജി.എം.ആര്‍.എസ്. ഗേള്‍സ് പ്ലറ്റൂണാണ് ഒന്നാമത്.

സ്‌കൗട്ട് വിഭാഗത്തില്‍ എസ്. സിനാജ് നയിച്ച ലിയോ തെര്‍ട്ടീന്ത് എച്ച്.എസ്. പ്ലറ്റുണും ഗൈഡ്‌സ് വിഭാഗത്തില്‍ റോസ് എല്‍സ നയിച്ച തത്തംപള്ളി സെന്റ് മൈക്കിള്‍സ് എച്ച്.എസ് പ്ലാറ്റൂണും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സെന്റ് ആന്‍ണീസ് ജി.എച്ച്.എസിലെ സന ജോസഫ് നയിച്ച പ്ലറ്റൂനാണ് മികച്ച റെഡ് ക്രോസ് പ്ലാറ്റൂണ്‍.

ബി. സഫ്‌വാന്‍ നയിച്ച മോര്‍ണിംഗ് സ്റ്റാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്ലറ്റൂണും ഹന്ന മറിയം സഹീര്‍ നയിച്ച സെന്റ് ജോസഫ്സ് ലിയോ തേര്‍ട്ടീന്‍ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്ലറ്റൂണും യഥാക്രമം കബ്‌സ്, ബുള്‍ ബുള്‍ വിഭാഗങ്ങളില്‍ സമ്മാനര്‍ഹമായി.

ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ മികച്ച ബാന്‍ഡ് സംഘമായി എസ്. മുഹമ്മദ് ഹസന്‍ നയിച്ച ആലപ്പുഴ ലജനത്തുല്‍ മുഹമ്മദീയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീമിനെ തിരഞ്ഞെടുത്തു. കെ.എസ്. പാര്‍വതി നയിച്ച പുന്നപ്ര ജി.എം.ആര്‍.എസിലെ എസ്.പി.സി.യാണ് ജൂനിയര്‍ വിഭാത്തിലെ മികച്ച ബാന്‍ഡ് സംഘം.

എസ്.ഡി. കോളേജിലെ സീനിയര്‍ ഗേള്‍സ് എന്‍.സി.സി. പ്ലറ്റൂണിനെ നയിച്ച ഗൗരി നന്ദയാണ് മികച്ച പ്ലറ്റൂണ്‍ കമാന്‍ഡര്‍.

പരേഡ് കമാന്‍ഡറായ പൂച്ചാക്കല്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം. അജയമോഹനനും സായുധ സേന പതാക ദിനത്തോടനുബന്ധിച്ച് ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച വിദ്യഭ്യാസ സ്ഥാപനമായ കേന്ദ്രീയ വിദ്യാലയ എന്‍.ടി.പി.സി. കായംകുളം, വിദ്യാഭ്യാസ ഇതര വിഭാഗത്തില്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് എന്നിവയ്ക്കും മന്ത്രി ഉപഹാരങ്ങള്‍ കൈമാറി.