ജൽ ജീവൻ മിഷൻ പദ്ധതി; കുറ്റിപ്പുറം കിൻഫ്രയിൽ ജലസംഭരണി നിർമാണത്തിന് അനുമതിയായി

post

മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം, ആതവനാട്, തിരുന്നാവായ, മാറാക്കര ഗ്രാമപഞ്ചായത്തുകളിലെ ജൽ ജീവൻ മിഷൻ പദ്ധതികളുടെ ഭാഗമായുള്ള ഉന്നതതല ജലസംഭരണി നിർമാണത്തിന് കുറ്റിപ്പുറം കിൻഫ്രയിൽ ഭൂമി ലഭ്യമാക്കുന്നതിനുള്ള അനുമതി ലഭിച്ചു. കുറ്റിപ്പുറം കിൻഫ്ര വ്യവസായ പാർക്കിന്റെ 40 സെന്റ് ഭൂമിയാണ് ഉന്നതതല ജലസംഭരണി നിർമാണത്തിനായി ഉപയോഗപ്പെടുത്തുക. 24 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഉന്നതതല ജല സംഭരണിയും 19 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഭൂതല ജലസംഭരണിയുമാണ് കിൻഫ്രയിൽ നിർമിക്കുന്നത്.

കുറ്റിപ്പുറം, ആതവനാട്, തിരുന്നാവായ, മാറാക്കര എന്നിവിടങ്ങളിലെ ജൽജീവൻ മിഷൻ പദ്ധതിക്കായി 221.07 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭ്യമായിട്ടുള്ളത്. ഇതിൽ കുറ്റിപ്പുറം, ആതവനാട്, മാറാക്കര ഗ്രാമപഞ്ചായത്തുകൾക്കാണ് പ്രധാനമായും പദ്ധതിയുടെ ഗുണം ലഭിക്കുക. പദ്ധതിയുടെ ഭാഗമായി കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ മാത്രം 121.77 കോടി രൂപ പ്രവൃത്തികളാണ് നടപ്പിലാക്കുക. പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പദ്ധതിക്കായി കുറ്റിപ്പുറം, ചെങ്ങണക്കടവിൽ 12 മീറ്റർ വ്യാസമുള്ള കിണറും പമ്പ് ഹൗസും നിർമ്മിക്കുന്നതിനുള്ള ടെണ്ടർ നടപടികൾ പൂർത്തിയാക്കി കരാർ നൽകിയിട്ടുണ്ട്. കിണറിന്റേയും പമ്പ് ഹൗസിന്റേയും പ്രവൃത്തി ഉടനെ തുടങ്ങും.

പമ്പ് ഹൗസിൽ നിന്ന് നിളയോരം പാർക്കിന് സമീപത്ത് നിർമ്മിക്കുന്ന ജലശുദ്ധീകരണ ശാല വരെയുള്ള രണ്ട് കിലോമീറ്റർ ദൂരം 800 എം.എം വ്യാസമുള്ള പമ്പിങ് മെയിൻ സ്ഥാപിക്കുന്ന പ്രവൃത്തിയും ഇതോടൊപ്പം ആരംഭിക്കും. കിണർ നിർമാണം, പമ്പ് ഹൗസ് നിർമാണം, ജല ശുദ്ധീകരണ ശാലയിലേക്കുള്ള പമ്പിങ് മെയിൻ സ്ഥാപിക്കുന്ന പ്രവൃത്തി എന്നിവയുടെ കരാർ ഒന്നിച്ചാണ്. 48 എം.എൽ.ഡി സംഭരണശേഷിയുള്ള ജല ശുദ്ധീകരണ ശാലയാണ് പദ്ധതിയുടെ ഭാഗമായി നിളയോരം പാർക്കിന് സമീപത്ത് സ്ഥാപിക്കുന്നത്.

ചെങ്ങണക്കടവിലെ പമ്പ് ഹൗസിൽ നിന്നും നിളയോരം പാർക്കിന് സമീപത്തെ ജലശുദ്ധീകരണ ശാലയിലെത്തിച്ച് ശുദ്ധീകരണത്തിന് ശേഷം 750 എം.എം വ്യാസമുള്ള പൈപ്പ് ലൈനിലൂടെ കിൻഫ്രയിലെ ഉന്നത തല, ഭൂതല ജല സംഭരണികളിൽ വെള്ളമെത്തിക്കും. കിൻഫ്രയിലെ ഉന്നത തല ജലസംഭരണിയിൽ നിന്നാണ് കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലേക്ക് ജലവിതരണം നടത്തുക. പ്രവൃത്തിയുടെ ഭാഗമായി കിൻഫ്രയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതടക്കമുള്ള പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്.

കിൻഫ്രയിലെ ഭൂതല ജലസംഭരണിയിൽ നിന്ന് 700 എം.എം വ്യാസമുള്ള പൈപ്പ് ലൈൻ വഴി ആതവനാട് പഞ്ചായത്തിലെ മലയിൽ ഭാഗത്ത് സ്ഥാപിക്കുന്ന ടാങ്കിലേക്ക് വെള്ളമെത്തിക്കും. 40 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഈ ടാങ്കിൽ നിന്നാണ് മാറാക്കര, ആതവനാട് പഞ്ചായത്തുകളിലേക്ക് വെള്ളമെത്തിക്കുക. കോട്ടയ്ക്കൽ നഗരസഭയിലേക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിക്കായും മലയിലെ ടാങ്കിൽ നിന്നാണ് വെള്ളമെത്തിക്കുക. മലയിൽ ടാങ്ക് നിർമാണത്തിനുള്ള സ്ഥലം ലഭ്യമാക്കുന്നതിനായി ആതവനാട്, മാറാക്കര, കോട്ടക്കൽ നഗരസഭ എന്നിവരുടെയും കേരള വാട്ടർ അതോറിറ്റി പ്രൊജക്ട് ഡിവിഷന്റേയും നേതൃത്വത്തിൽ ഊർജിതമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്.